പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലക്കേസ്: വാദിഭാഗം അഭിഭാഷകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

പ്രമാദമായ  പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതകക്കേസിലെ വാദിഭാഗം അഭിഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ചു. 

Last Updated : May 15, 2020, 11:27 AM IST
പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊലക്കേസ്:  വാദിഭാഗം അഭിഭാഷകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

മുംബൈ: പ്രമാദമായ  പാല്‍ഘര്‍ ആള്‍ക്കൂട്ടകൊലപാതകക്കേസിലെ വാദിഭാഗം അഭിഭാഷകന്‍ വാഹനാപകടത്തില്‍ മരിച്ചു. 

വാദിഭാഗം അഭിഭാഷകനായ ദിഗ്‌വിജയ് ത്രിവേദിയാണ്  ബുധനാഴ്ചയുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.  വാദിഭാഗത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകസംഘത്തിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ദ്വിഗ്‌വിജയ് ത്രിവേദി. കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍  അപകടത്തില്‍പ്പെട്ടത്. ദിഗ്‌വിജയ് അപകടസ്ഥലത്ത്വച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്.

മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം  സംഭവിച്ചത്. 
ദിഗ്‌വിജയ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. അപകടം  സംഭവിച്ച സമയത്ത് കാര്‍ ഓടിച്ചിരുന്നത് ദിഗ്‌വിജയ് ആയിരുന്നു. കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് 18 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തതിന് അടുത്ത ദിവസമാണ് അപകടം ഉണ്ടായത് എന്നതിനാല്‍ അഭിഭാഷകന്‍റെ മരണത്തില്‍  ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരിയ്ക്കുകയാണ്. കേസില്‍  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത് വീണ്ടും രംഗത്തെത്തി. 

എന്നാല്‍ ദിഗ്‌വിജയിന്‍റെ  മരണത്തില്‍ ദുരൂഹതയില്ലെന്ന്  കേസില്‍ ഹാജരാകുന്ന മറ്റൊരു സീനിയര്‍ അഭിഭാഷകന്‍ പി എന്‍ ഓജ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രില്‍ പതിനാറിനാണ് മഹാരാഷ്ട്രയിലെ പാര്‍ഘറില്‍ രണ്ട് സന്ന്യാസികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ സഞ്ചരിച്ചിരുന്ന കാറിന് നേരെ ആള്‍ക്കൂട്ടത്തിന്‍റെ ആക്രമണം ഉണ്ടായത്.  ആക്രമണത്തില്‍ മൂന്ന് പേരും കൊല്ലപ്പെട്ടിരുന്നു.

ആക്രമണം തടുക്കാന്‍ സ്ഥലത്തെത്തിയ പോലീസിനും കഴിഞ്ഞില്ല. പോലീസിന് നേരെയും ആള്‍ക്കൂട്ടം ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു.  സംഭവത്തില്‍ ഇതുവരെ 120 ഓളം പേരെ അറസ്റ്റ് ചെയ്തു.  

Trending News