പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിന്താഗതി വിഭിന്നം: അഭിജിത് ബാനര്‍ജി

സാമ്പത്തികശാസ്ത്ര  നോബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

Last Updated : Oct 22, 2019, 05:00 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിന്താഗതി വിഭിന്നം: അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: സാമ്പത്തികശാസ്ത്ര  നോബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്ന് കൂടിക്കാഴ്ചയ്ക്കുശേഹം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'നല്ലതും സൗഹാര്‍ദപരവുമായ കൂടിക്കാഴ്ചയായിരുന്നു. എങ്ങനെയാണ് മാധ്യമങ്ങള്‍ എന്നെക്കൊണ്ട് മോദി വിരുദ്ധ പ്രസ്താവനകള്‍ പറയിപ്പിച്ച് കുരുക്കിലാക്കാന്‍ ശ്രമിക്കുന്നത് എന്നതിന്‌ ഒരു തമാശ പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം സംഭാഷണം ആരംഭിച്ചത്. അദ്ദേഹം ടി.വി. കാണാറുണ്ട്. അദ്ദേഹം നിങ്ങളെ ശ്രദ്ധിക്കുന്നുമുണ്ട്, നിങ്ങള്‍ എന്താണ് ചെയ്യാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിനറിയാം', ബാനര്‍ജി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെക്കുറിച്ച് ചിന്തിക്കുന്ന രീതി വിഭിന്നമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ കണക്കിലെടുത്തുകൊണ്ടുള്ള ഒരു ഒരു ഭരണം സൃഷ്ടിക്കുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമെന്നും ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഒരു സവിശേഷ അനുഭവമായിരുന്നെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു.

പ്രധാനമന്ത്രിയുമായി ഇത്തരമൊരു കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷം. കൂടിക്കാഴ്ചയില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കാന്‍ അദ്ദേഹം സമയം തന്നു. ഇന്ത്യയെക്കുറിച്ചുള്ള തന്‍റെ ചിന്തകള്‍ പങ്കുവെച്ചു. അദ്ദേഹം ഭരണത്തെ കാണുന്ന രീതിയെക്കുറിച്ചാണ് കൂടുതലും സംസാരിച്ചത്. ബ്യൂറോക്രസിയെ പരിഷ്‌കരിക്കാന്‍ അദ്ദേഹം കൈക്കൊള്ളുന്ന നടപടിയേയും കുറിച്ചും സംസാരിച്ചതായി അഭിജിത് ബാനര്‍ജി പറഞ്ഞു.

മാനവ വിഭവശേഷി സൂചികയില്‍ ഇന്ത്യ പിന്നിലായി പോയതിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാന്‍ അഭിജിത് തയ്യാറായില്ല. 'മാനവ വിഭവ ശേഷി സൂചികയ്ക്ക് ഞാന്‍ ഞാന്‍ സംഭാവനകളൊന്നും നല്‍കിയിട്ടില്ല. ഞാന്‍ ഇല്ലാതെ തന്നെ അത് നന്നായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടു തന്നെ ഞാന്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ഒന്നിലേക്ക് കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല', അദ്ദേഹം വ്യക്തമാക്കി. ......

അതേസമയം, അഭിജിത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്ച ആരോഗ്യകരവും സമഗ്രവും ആയിരുന്നെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. മാനവ ശാക്തീകരണത്തോടുള്ള അദ്ദേഹത്തിന്‍റെ അഭിനിവേശം വ്യക്തമാണ്. അദ്ദേഹത്തിന്‍റെ നേട്ടങ്ങളില്‍ ഇന്ത്യ അഭിമാനിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

 

Trending News