ന്യൂഡല്‍ഹി: ഈ മാസം 20ന് ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന മോദി അതിര്‍ത്തിയിലെ സൈനികര്‍ക്കും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി പോലീസിനും (ഐടിബിപി) ഒപ്പം ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി കേദാര്‍നാഥില്‍ എത്തുന്നത്. ദീപാവലിയുടെ പിറ്റേ ദിവസമാണ് പ്രധാനമന്ത്രി കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്. 2013ലുണ്ടായ പ്രളയം പോലെയുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നതിനുള്ള നടപടികളും പ്രദേശത്തിന്‍റെ സൗന്ദര്യവത്കരണവും അടക്കം നിരവധി വികസന പ്രവര്‍ത്തങ്ങള്‍ അധികൃതരുമായി മോദി ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. മോദിയുടെ സന്ദര്‍ശനത്തെ കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും സന്ദര്‍ശനത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായി ഒരു അറിയിപ്പും പുറത്തുവന്നിട്ടില്ല. നേരത്തെ ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്, സൈനിക പ്രതിനിധികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ഷേത്രത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.