ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കാനിരിക്കേ അമ്മ യാത്രയായി; തെലങ്കാന അപകടം കാത്തുവെച്ചത്‌ നടുക്കുന്ന ഓര്‍മ്മകള്‍

ഒടുവില്‍ സംഭവിച്ചത് സുമലതയെപ്പോലെ ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും പേറിയവരുടെ അസ്തമയവും.

Last Updated : Sep 13, 2018, 12:59 PM IST
ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കാനിരിക്കേ അമ്മ യാത്രയായി; തെലങ്കാന അപകടം കാത്തുവെച്ചത്‌ നടുക്കുന്ന ഓര്‍മ്മകള്‍

റെ പ്രതീക്ഷയോടെ കാത്തിരുന്ന ആ സന്തോഷദിനം ഇന്നലെ കടന്നുപോയി. ഒപ്പം കാലം കാത്തുവെച്ച ദുരന്തത്തില്‍ പൊലിഞ്ഞത് രണ്ട് കുരുന്നു ജീവനുകളും തന്‍റെ ജീവിത സഖിയും. ആളുറങ്ങിയ വീടിനുമുന്നില്‍ കണ്ണീരുണങ്ങാത്ത മനസ്സുമായി സുരേഷ് ഇപ്പോഴും തരിച്ചിരിക്കുകയാണ്. നടുക്കം മാറാത്ത ഓര്‍മ്മകളുമായി!

ചൊവ്വാഴ്ച തെലങ്കാന ജഗ്ത്യാല്‍ ജില്ലയിലെ കൊണ്ടഗട്ട് ഘട്ടില്‍ 60 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ സുരേഷിന്‍റെ ഭാര്യ യെന്ധ്രികയല സുമലത, അവരുടെ ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കാനിരിക്കേയാണ് ലോകത്തോട്‌ വിടപറഞ്ഞത്‌.

ഇന്നലെ (ബുധന്‍)യായിരുന്നു സുമലതയുടെ പ്രസവദിനം. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന സുമലതയ്ക്ക് ഇരട്ടകുട്ടികള്‍ ആയിരുന്നുവെന്ന് സ്കാന്‍ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിച്ചിരുന്നു.

ബുധനാഴ്ച നിശ്ചയിച്ചിരുന്ന പ്രസവത്തിനായി സുമലത തന്‍റെ അമ്മയ്ക്കും ഭര്‍ത്താവിന്‍റെ അമ്മയ്ക്കുമൊപ്പം കൊണ്ടഗട്ടിലേക്കുള്ള ബസ് കയറി. അവിടെ നിന്നും ചികിത്സ തേടിയ കരിംനഗറിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകാനിരിക്കവേയാണ് സുമലതയെ അപകടം കൂട്ടിയത്.

'അവള്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങളാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എല്ലാവരും വളരെ സന്തോഷത്തിലുമായിരുന്നു'. മരിച്ച സുമലതയുടെ സഹോദരന്‍ ലക്ഷ്മണ്‍ പറഞ്ഞു.

സമീപകാലത്ത് രാജ്യംകണ്ട ഏറ്റവും വലിയ അപകടങ്ങളിലൊന്നായിരുന്നു തെലങ്കനയിലുണ്ടായത്. ആകെ 88 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

ഹൈദരാബാദില്‍നിന്ന് 190 കി.മീ അകലെ കൊണ്ടഗാട്ട് കുന്നിലുള്ള ആഞ്ജനേയസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങുകയായിരുന്ന ഗ്രാമീണ തീര്‍ഥാടകരാണ് അപകടത്തിനിരയായവരിലേറെയും.

ഡ്രൈവറുള്‍പ്പടെ 54 പേരെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ബസില്‍ എണ്‍പതിലേറെപ്പേരെ കുത്തിനിറച്ച് സഞ്ചരിച്ചതാണ് അപകടം രൂക്ഷമാകാനിടയാക്കിയതെന്നാണ് സമീപവാസികള്‍ പറയുന്നത്. 

കൊണ്ടഗട്ട് ചുരം റോഡ് ഭാരം കൂടിയ വാഹനങ്ങള്‍ക്ക് സഞ്ചാരയോഗ്യമായിരുന്നില്ലെന്നും ഡീസല്‍ ലാഭിക്കാനാണ് ദൂരം കുറവായ ഈ റൂട്ടിലൂടെ ബസ് പോയതെന്നും ആക്ഷേപമുണ്ട്.

എന്നാല്‍ ഒടുവില്‍ സംഭവിച്ചത് സുമലതയെപ്പോലെ ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളും പേറിയവരുടെ അസ്തമയവും.

Trending News