ലോക്‌സഭയില്‍ ബഹളം: 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്സഭയില്‍ ബഹളമുണ്ടാക്കിയതിന്‍റെ പേരില്‍ 7 കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.

Last Updated : Mar 5, 2020, 04:13 PM IST
ലോക്‌സഭയില്‍ ബഹളം: 7 കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ലോക്സഭയില്‍ ബഹളമുണ്ടാക്കിയതിന്‍റെ പേരില്‍ 7 കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു.

കേരളത്തില്‍നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ബെന്നി ബഹനാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവരും ഗൗരവ് ഗൊഗോയ്, മാണിക്കം ടാഗോര്‍, ഗുര്‍ജീത് സിംഗ് ഔജ്‌ല എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്‌. ശേഷിക്കുന്ന സമ്മേളന കാലയളവിലേയ്ക്കാണ് ഇവര്‍ക്ക് സസ്‌പെന്‍ഷന്‍.

കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രമേയം പാസ്സാക്കിയതിനെ തുടര്‍ന്ന് ഏഴു പേരോടും സഭയ്ക്ക് പുറത്തു പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷം വീണ്ടും ബഹളം തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് സഭ ഇന്നത്തേയ്ക്ക് പിരിയുകയായിരുന്നു.

ഇന്ന് ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് പേപ്പറുകള്‍ തട്ടിപ്പറിച്ച് വലിച്ചുകീറിയതാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇടയാക്കിയത്.

അതേസമയം, സസ്‌പെന്‍ഷനെതിരെ പ്രതികരണവുമായി പ്പ്രതിപക്ഷ നേതാക്കള്‍ രംഗത്തെത്തി. സസ്‌പെന്‍ഷന്‍ വലിയ തരത്തിലുള്ള ജനാധിപത്യ ധ്വംസനമാണെന്ന് CPI (M)  നേതാക്കള്‍ പ്രതികരിച്ചു.

വളരെ അകാരണമായാണ് സസ്‌പെന്‍ഷന്‍ എന്നും ന്യായമില്ലാത്ത നടപടിയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. 45 ഓളം ആളുകള്‍ മരിച്ചിട്ടും ഉറുമ്പു ചത്ത ഗൗരവും പോലും കാണിക്കാതെ സഭ മുന്നോട്ടുപോകുന്നു. സ്പീക്കറുടെ ഡയസില്‍ കയറി പിടിച്ചുവലിച്ചുകീറിയെന്ന് പറയുന്നു. അത് നടന്നിട്ടില്ല. കൊറോണ ചര്‍ച്ചക്ക് വന്നപ്പോള്‍ ഞങ്ങള്‍ സഹകരിച്ചു. ഒരു എം.പി സോണിയാ ഗാന്ധി അടക്കമുള്ള ആളുകളെ കുറിച്ച് മോശമായി സംസാരിച്ചു. ഒരു ജനാധിപത്യ മര്യാദയും അവര്‍ കാണിക്കുന്നില്ല. ഇത് അപലപനീയമാണ്, അദ്ദേഹം പറഞ്ഞു.

Trending News