സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവന: ജമ്മു കാശ്മീര്‍ നിയമസഭയില്‍ ബഹളം

Last Updated : Jun 9, 2016, 04:06 PM IST
സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവന: ജമ്മു കാശ്മീര്‍ നിയമസഭയില്‍ ബഹളം

ഇന്ത്യയെ മുസ്‌ലീങ്ങളില്‍ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന വിഎച്ച്പി നേതാവ് സാധ്വി പ്രാചിയുടെ വിവാദ പ്രസ്താവനയെ ചൊല്ലി ജമ്മു കാശ്മീര്‍ നിയമസഭയില്‍ ബഹളം.ഇന്ത്യയെ കോണ്‍ഗ്രസ് മുക്തമാക്കുക എന്ന ലക്ഷ്യം നേടിയെന്നും ഇനി മുസ്‌ലിം വിമുക്തമാക്കാനുള്ള സമയമായെന്നും സാധ്വി പ്രാചിയുടെ പ്രസ്താവന നടത്തിയിരുന്നു. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ പ്രാചിയുടെ വര്‍ഗീയ പ്രസംഗം.

മുസ്‌ലിംകള്‍ ഇന്ത്യയുടെ ഭാഗമാണെന്നും മുസ്‌ലിംകളെ മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യ ഒരിക്കലും പൂര്‍ണമാവുകയില്ലെന്നും വിദ്യാഭ്യാസ മന്ത്രി നയീം അക്ത്തര്‍ വ്യക്തമാക്കി. രാജ്യത്ത് താമസിക്കാന്‍ എല്ലാവര്‍ക്കും തുല്യ അവകാശമുണ്ടെന്നും ഇത്തരം പ്രസ്താവനകള്‍ രാജ്യത്ത് കലാപങ്ങള്‍ക്ക് വഴി ഒരുക്കുക മാത്രമേ ചെയ്യുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി .

റൂര്‍ക്കിയിലുണ്ടായ സംഘര്‍ഷത്തില്‍ 32 പേര്‍ക്ക് പരിക്കേറ്റിരുന്നെന്നും ഖാണ്‍പൂര്‍ എംഎല്‍എയായ കുന്‍വര്‍ പ്രണവ് സിംഗ് ചാമ്പ്യന്റെ വീട് അക്രമിക്കപ്പെട്ടത് നേരത്തെ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്നും സാധ്വി പ്രാചി ആരോപിച്ചു.

ഹരീഷ് റാവത്ത് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച വിമത കോണ്‍ഗ്രസ് എം.എല്‍.എയായ ചാമ്പ്യന്‍ കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അടുത്ത ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടിക്ക് മുന്നൂറു സീറ്റുകളെങ്കിലും നേടാനാവുമെന്നും പ്രാചി പറഞ്ഞു.

Trending News