ജീവനക്കാളേറെ സ്‌നേഹിക്കുന്ന കാമുകിയുമായുള്ള പിണക്കം തീര്‍ക്കാന്‍ സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതും അവരുടെ പിന്നാലെ നടക്കുന്നതുമൊക്കെ കാമുകന്മാരുടെ ശീലമാണ്.
അങ്ങനെ പിണക്കം തീര്‍ക്കാന്‍ സോറി പറഞ്ഞ യുവാവിനെതിരെ കേസെടുത്തിരിക്കുകയാണ് പൂനെ പൊലീസ്. വെറുമൊരു സോറിയല്ല എം.ബി.എ വിദ്യാര്‍ത്ഥിയായ നിലേഷ് ഖേദേക്കര്‍ തന്‍റെ കാമുകിയോട് പറഞ്ഞത്. 72,000 രൂപ വില വരുന്ന ഒരു ഒന്നൊന്നര സോറിയാണത്.
72,000 രൂപ ചെലവിട്ട് കാമുകിയുടെ വീട്ടിലേക്കുള്ള വഴിയിലെ ഇലക്ട്രിക് പോസ്റ്റിലെല്ലാം ‘ഐ ആം സോറി ശിവദേ’ എന്ന ബോര്‍ഡ് വച്ചായിരുന്നു ഖേദേക്കറിന്‍റെ മാപ്പുപറച്ചില്‍.
പൂനെയിലെ പിംപ്‌രി മേഖലയില്‍ കഴിഞ്ഞ ദിവസമാണ് മുന്നൂറോളം 'ഐ ആം സോറി' ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം കോര്‍പ്പറേഷന്‍ അധികൃതരെ അറിയിക്കുകയും അനധികൃതമായി ബോര്‍ഡുകള്‍ വച്ചതിന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് താന്‍ ശിവദേ എന്ന് വിളിക്കുന്ന തന്‍റെ കാമുകിയുമായി പിണക്കത്തിലാണെന്നും ഇത് തീര്‍ക്കാനാണ് ബോര്‍ഡ് വച്ചതെന്നും ഇയാള്‍ പറഞ്ഞത്.
തന്‍റെ സുഹൃത്തുമായി ചേര്‍ന്നാണ് ഖേദേക്കര്‍ പദ്ധതി നടപ്പിലാക്കിയതെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ അധികൃതരുടെ പരാതിയില്‍ കേസെടുത്തതിനാല്‍ ഖേദേക്കര്‍ നിയമനടപടി നേരിടേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.