രാമനാഥപുരം: കച്ചത്തീവ് ദ്വീപിൽ മത്സ്യബന്ധനത്തിലേർപ്പെട്ടുകൊണ്ടിരുന്ന 25,000 ത്തോളം വരുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന ആക്രമിച്ചു. ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും നശിപ്പിച്ചു. ഇരുപതോളം മത്സ്യബന്ധന ബോട്ടുകളാണ് സേന നശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പുലര്‍ച്ചെ മത്സ്യത്തൊഴിലാളികള്‍ തീരത്തെത്തി.
സേനയുടെ ആക്രമണത്തില്‍ പത്തുപേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ രാമനാഥപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാമേശ്വരത്തുനിന്ന് മത്സ്യ ബന്ധനത്തിനായി കച്ചത്തീവിലെത്തിയ കാൽലക്ഷത്തോളം പേരെയാണ് ലങ്കൻ സേന ഇന്നലെ ഭീഷണിപ്പെടുത്തി മടക്കി അയച്ചത്. രാമനാഥപുരം, പുതുക്കോട്ട, കാരയ്ക്കൽ, നാഗപട്ടണം, കന്യാകുമാരി, തിരുനൽവേലി, മധുര, പുതുച്ചേരി ജില്ലകളിൽനിന്നുള്ളവരാണ് ഇവർ.
അതേസമയം കഴിഞ്ഞവർഷം സമുദ്രാതിര്‍ത്തി ലംഘിച്ചു മത്സ്യബന്ധനം നടത്തിയതിന് തടവിലാക്കിയ 80 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക മോചിപ്പിച്ചു. ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്ക് കൈമാറിയ ഇവര്‍ കാരയ്ക്കൽ തുറമുഖത്ത് എത്തിച്ചേര്‍ന്നു. ഇവരില്‍ 48 പേര് പുതുകോട്ടൈ ജില്ലയില്‍ നിന്നും 24 പേര് രാമനാഥപുരത്തുനിന്നും 8 പേര് നാഗപട്ടണം ജില്ലയില്‍ നിന്നുമുള്ളവരാണ്.