ലഖ്‌നൗ: ഗോവധം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിര്‍ദേശം. എന്നാല്‍ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അദ്ദേഹത്തിന്‍റെ നിശബ്ദത തുടരുകയാണ്.
പശുക്കളെ കശാപ്പ് ചെയ്ത സംഭവത്തിനു പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുള്ളതായാണ് മുഖ്യമന്ത്രി കരുതുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി അവിനിഷ് അവസ്തി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താനും പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിര്‍ബന്ധമായും സമയബന്ധിതമായി അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.
ബുലന്ദ്ഷഹറിലെ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി യോഗം വിളിച്ചിരുന്നു. പശുക്കളെ കശാപ്പ് നടത്തിയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, കലാപത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിംഗ് തലയില്‍ വെടിയേറ്റ് മരിച്ച സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയോ യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥരോ പരാമര്‍ശങ്ങളൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക കലാപം സൃഷ്ടിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് കലാപത്തിനും കൊലപാതകത്തിനും പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്.
ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നെന്നും ഇന്‍സ്‌പെക്ടറുടെ സഹോദരിയടക്കമുള്ളവര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. 2015ല്‍ യു.പി.യിലെ ദാദ്രിയില്‍ ബീഫിന്‍റെപേരില്‍ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാറെന്നതാണ് ഗൂഢാലോചന സംശയിക്കാന്‍ പ്രധാന കാരണം. സുബോധ് കുമാറിനെ കൂടാതെ നാട്ടുകാരനായ സുമിത് കുമാറും കൊല്ലപ്പെട്ടിരുന്നു.
സയ്‌ന മേഖലയിലെ മഹൗ ഗ്രാമത്തിലുള്ള വനപ്രദേശത്ത് 3032 പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഒരുകൂട്ടമാളുകള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സയ്‌നയിലെ പൊലീസ് പോസ്റ്റ് നശിപ്പിച്ച ഇവര്‍ പൊലീസുകാര്‍ക്കെതിരെ കല്ലെറിഞ്ഞു.
ചിംഗാര്‍വതി പൊലീസ് ചൗക്കിയിലുണ്ടായിരുന്ന വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. ഗോവധത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്ഥലത്തെത്തിയ ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയെങ്കിലും ജനക്കൂട്ടം വ്യാപകമായ അക്രമത്തിന് മുതിരുകയായിരുന്നു.
കൊലപാതകത്തിനും കലാപമുണ്ടാക്കിയതിനും അടക്കം ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് അടക്കം 27 പേര്‍ക്കെതിരെ കേസെടുത്തു. തിരിച്ചറിഞ്ഞിട്ടില്ലാത്ത അറുപതോളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നാലുപേര്‍ ഇതിനകം അറസ്റ്റിലായി.