തമിഴ്നാട്ടില്‍ കനത്ത മഴ: മരിച്ചവരുടെ എണ്ണം 22 ആയി

തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 22 ആയി.

Sheeba George | Updated: Dec 2, 2019, 02:47 PM IST
തമിഴ്നാട്ടില്‍ കനത്ത മഴ: മരിച്ചവരുടെ എണ്ണം 22 ആയി

ചെന്നൈ: തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ മരിച്ചവരുടെ എണ്ണം 22 ആയി.

മതിലിടിഞ്ഞ് വീണ് നാലു വീടുകള്‍ തകര്‍ന്നതാണ് സംസ്ഥാനത്ത് വന്‍ ദുരന്തത്തിനിടയാക്കിയത്. 12 സ്ത്രീകളും 3 പുരുഷന്‍മാരും 2 കുട്ടികളുമടക്കം 17 പേരാണ് ഈ ദുരന്തത്തില്‍ മരണമടഞ്ഞത്.

മേട്ടുപ്പാളയത്തിനടത്ത് നാഡൂരില്‍ എഡി കോളനിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5.30ഓടെയാണ് സംഭവം നടന്നത്. പുലര്‍ച്ചെ 3.30ഓടെ ആരംഭിച്ച കനത്ത മഴയില്‍ മതില്‍ വീടുകള്‍ക്ക് മേല്‍ ഇടിഞ്ഞുവീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. 

തമിഴ്‌നാടിന്‍റെയും പുതുച്ചേരിയുടെയും പല പ്രദേശങ്ങളില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പലയിടത്തും വെള്ളം പൊങ്ങി ജനജീവിതം താറുമാറായിട്ടുണ്ട്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളില്‍ വെള്ളം കയറിയതായാണ്‌ റിപ്പോര്‍ട്ട്. മണ്ണിടിഞ്ഞ് വീണ് മേട്ടുപാളം-ഊട്ടി റൂട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു.

തൂത്തുക്കുടി, തിരുനെല്‍വേലി എന്നിവടങ്ങളില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയത്. തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതല്‍ മഴ ഇതുവരെ രേഖപ്പെടുത്തിയത്, 19 സെന്‍റിമീറ്റര്‍. കടലൂര്‍ ജില്ലയിലെ കുറിഞ്ചിപ്പാടിയാണ് രണ്ടാം സ്ഥാനത്ത്, 17 സെന്‍റിമീറ്റര്‍. 

ചെന്നൈ ഉള്‍പ്പടെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

176 ദുരിതാശ്വാസ ക്യാമ്പുകള്‍ ചെന്നൈയില്‍തന്നെ സജ്ജീകരിച്ചിട്ടുണ്ട്. 15000ത്തോളം പേരെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചു.

ചെന്നൈ ഉള്‍പ്പെടെ 14 ജില്ലകളിലെ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. മദ്രാസ്, അണ്ണാ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

2015ലെ പ്രളയത്തിന് ശേഷം തമിഴ്‌നാട്ടില്‍ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്. തിരുവണ്ണാമലൈ, വെല്ലൂര്‍, രാമനാഥപുരം, തിരുനെല്‍വേലി, തൂത്തുക്കുടി, തിരുവള്ളൂര്‍ ജില്ലകളില്‍ 20 സെന്‍റിമീറ്ററില്‍ അധികം മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും.