സംസ്ഥാനത്തിന്‍റെ ചരിത്രത്തിലെ രണ്ടാമത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന തെലങ്കാനയില്‍ എല്ലാ മുന്നണികളും വാശിയോടെ പ്രചാരണത്തിലാണ്. കൂടാതെ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ എല്ലാ പാര്‍ട്ടികളും പരസ്പരം മത്സരിക്കുകയാണ്.
തെലുങ്കാനയില്‍ ഭരണം നിര്‍ണയിക്കുക ന്യൂനപക്ഷ വോട്ടുകളാണ്. പ്രത്യേകിച്ച് മുസ്ലീങ്ങള്‍. അതുകൊണ്ട് തന്നെ ന്യൂനപക്ഷങ്ങളെ ചുറ്റിപറ്റിയാണ് പ്രധാന കക്ഷികളായ ടിആര്‍എസും കോണ്‍ഗ്രസും പ്രചാരണങ്ങള്‍ നടത്തുന്നത്. അതേസമയം ബിജെപിയെ സംബന്ധിച്ച് മുസ്ലീം ഇതര വോട്ടുകളാണ് ലക്ഷ്യം.
ന്യൂനപക്ഷ പ്രീണനത്തിലൂടെ വോട്ട് നേടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചിരുന്നു. ആരോപണം സ്ഥാപിക്കാനായി കോണ്‍ഗ്രസ് പ്രകടന പത്രികയെ വളച്ചൊടിക്കാനും അദ്ദേഹം മടിച്ചില്ല. “പള്ളികളിലും മോസ്‌കുകളിലും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്നാണ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. പക്ഷേ അമ്പലങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല” അദ്ദേഹം പറഞ്ഞു. കൂടാതെ, അധികാരത്തില്‍ വന്നാല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും കോണ്‍ഗ്രസ് പറയുന്നു. ഇത് ന്യൂനപക്ഷപ്രീണനമല്ലെങ്കില്‍ പിന്നെന്താണെന്ന് ചോദിച്ച അമിത് ഷാ നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പ് നടത്താനുള്ള ചന്ദ്രശേഖര റാവുവിന്‍റെ നീക്കം സംസ്ഥാനത്തിന് വന്‍ സാമ്പത്തിക ബാധ്യതയാകുമെന്നും പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു വേണ്ടി സംവരണം കൊണ്ടുവരുമെന്നും അവര്‍ക്കുവേണ്ടി പ്രത്യേകം ആശുപത്രികള്‍ സ്ഥാപിക്കുമെന്നും കോണ്‍ഗ്രസിന്‍റെ പ്രകടനപത്രിക പറയുന്നു. ന്യൂനപക്ഷവിഭാഗത്തിലല്ലാത്ത ദരിദ്രരുടെ അവസ്ഥ എന്താകുമെന്നാണ് അദ്ദേഹം ചോദിച്ചു.
നിയമസഭയുടെ കാലാവധി തികച്ച് മെയില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കെ.സി.ആറിന് ഭയമുള്ളതുകൊണ്ടാണ് സഭ നേരത്തെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. ടി.ആര്‍.എസ് ഭരണകാലത്ത് തെലങ്കാനയില്‍ 4500 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. തെലങ്കാന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ജീവന്‍ നഷ്ടപ്പെട്ട 1200 പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രഖ്യാപനം കെ.സി.ആര്‍ മറന്നെന്നും അമിത് ഷാ പറഞ്ഞു.
എന്നാല്‍, കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ പള്ളികള്‍ക്ക് മാത്രമായി സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചിട്ടില്ല. മറിച്ച് ആരാധനാലയങ്ങള്‍ക്ക് ഒന്നാകെയാണ് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചത്. പ്രകടനപത്രികയിലെ റിലീജിയസ് അഫയേഴ്സ് എന്ന ഭാഗത്ത് ഇത് കൃത്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, മുസ്ലിംങ്ങള്‍ക്ക് 12% സംവരണം ഏര്‍പ്പെടുത്തുമെന്നാണ് തെലങ്കാന മുഖ്യമന്ത്രിയുടെ വാഗ്ദാനം.
അതേസമയം, അമിത് ഷായുടെ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ തെലുങ്കാന കോണ്‍ഗ്രസും രംഗത്തെത്തി .വ്യാജപ്രചരണങ്ങളും ആളുകളെ മതം പറഞ്ഞ് ഭിന്നിപ്പിക്കുന്നതുമാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമെന്ന് തെലങ്കാന കോണ്‍ഗ്രസ് ആരോപിച്ചു.
തെലങ്കാനയില്‍ ബിജെപി തനിച്ചാണ് മല്‍സരിക്കുന്നത്. 119 സീറ്റിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മുസ്ലിംകള്‍ക്ക് വന്‍ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥിയുണ്ട്.
119 അംഗ തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 7നാണ് നടക്കുക. ഡിസംബര്‍ 11ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.