ശുചിമുറിയില്‍ കുടുങ്ങിയ ഏഴ് വയസ്സുകാരി 5 ദിവസം പിടിച്ചു നിന്നത്!!!

തെലങ്കാനയിലെ നാരായണ്‍പേട്ടിലെ മാഖ്തലില്‍ ഈ മാസം 20ന് ആണ് സംഭവം നടന്നത്.   

Last Updated : Apr 27, 2019, 02:59 PM IST
ശുചിമുറിയില്‍ കുടുങ്ങിയ ഏഴ് വയസ്സുകാരി 5 ദിവസം പിടിച്ചു നിന്നത്!!!

ഹൈദരാബാദ്: അയല്‍വാസിയുടെ ശുചിമുറിയില്‍ കുടുങ്ങിയ ഏഴു വയസ്സുകാരി അഞ്ച് ദിവസം തന്‍റെ ജീവന്‍ രക്ഷിച്ചത് വെള്ളം മാത്രം കുടിച്ച്. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും സത്യമാണ്. 

തെലങ്കാനയിലെ നാരായണ്‍പേട്ടിലെ മാഖ്തലില്‍ ഈ മാസം 20ന് ആണ് സംഭവം നടന്നത്. അയല്‍വാസി വീടുപൂട്ടി പുറത്തുപോയതിനാല്‍ പെണ്‍കുട്ടിയുടെ നിലവിളിപോലും ആര്‍ക്കും കേള്‍ക്കാന്‍ കഴിഞ്ഞില്ല. 

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ വീട്ടുടമ തിരിച്ച് വീട്ടിലെത്തുമ്പോഴാണ് ശുചിമുറിയില്‍ തളര്‍ന്നുകിടക്കുന്ന അഖില എന്ന പെണ്‍കുട്ടിയെ കണ്ടത്. ഭയന്ന് വിറച്ച് സംസാരിക്കാന്‍ പോലും കഴിയാത്ത അവശനിലയിലായിരുന്നു ഈ രണ്ടാം ക്ലാസുകാരി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഇപ്പോള്‍ മെച്ചപെട്ട് വരുന്നുണ്ട്. 

സംഭവം നടക്കുമ്പോള്‍ സ്‌കൂള്‍ അവധിയായതിനാല്‍ അധ്യാപകന്‍ കൂടിയായ അയല്‍വാസി വെങ്കടേശ് വീടുപൂട്ടി പോയതായിരുന്നു. തൊട്ടടുത്തുള്ള ഫ്‌ളാറ്റിലെ താമസക്കാരിയായ പെണ്‍കുട്ടി വീടിനു മുകളില്‍ നിന്ന് കളിക്കുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. 

അയല്‍വാസിയുടെ ശുചിമുറിയില്‍ വന്ന് വീണ പെണ്‍ക്കുട്ടി തുണി ഇടാന്‍വേണ്ടി കെട്ടിയിരുന്ന അയയില്‍ വീണതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു എന്നുതന്നെ പറയാം. അയല്‍വാസി ശുചിമുറി പുറത്തുനിന്ന് പൂട്ടി പോയതിനാല്‍ പെണ്‍കുട്ടിക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല കുട്ടിയുടെ നിലവിളിയോ ബഹളമോ ഒന്നും ആര്‍ക്കും കേള്‍ക്കാനും കഴിഞ്ഞില്ല. 

പെണ്‍കുട്ടിയെ കാണാതായതോടെ രക്ഷിതാക്കളായ സുരേഷും മഹാദേവമ്മയും പിറ്റേന്ന് പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കി. പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.

Trending News