അവന്തിപ്പോറ സ്ഫോടനം: വീരമൃത്യു വരിച്ച ജവാന്മാരില്‍ മലയാളിയും!!

വയനാട് വൈത്തിരി കുന്നത്തിടവക വില്ലേജില്‍ വെറ്ററിനറി കോളേജിന് സമീപം പരേതനായ വാസുദേവന്‍റെ മകനാണ് വസന്തകുമാര്‍. 

Last Updated : Feb 15, 2019, 10:08 AM IST
അവന്തിപ്പോറ സ്ഫോടനം: വീരമൃത്യു വരിച്ച ജവാന്മാരില്‍ മലയാളിയും!!

ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരില്‍ മലയാളിയും. സി.ആര്‍.പി.എഫ് 82-ാം ബറ്റാലിയന്‍ അംഗമായ വി.വി.വസന്തകുമാറാണ് വീരമൃത്യു വരിച്ച മലയാളി. 

2001ൽ സിആർപിഎഫിൽ ചേര്‍ന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകുകയായിരുന്നു. വയനാട് വൈത്തിരി കുന്നത്തിടവക വില്ലേജില്‍ വെറ്ററിനറി കോളേജിന് സമീപം പരേതനായ വാസുദേവന്‍റെ മകനാണ് വസന്തകുമാര്‍. 

പത്ത് ദിവസത്തെ അവധിയ്ക്കായി രണ്ടാഴ്ച മുന്‍പ് നാട്ടില്‍ വന്നിരുന്നു വസന്തകുമാര്‍. ആറാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് വസന്തകുമാര്‍. 

ഭാര്യയും അമ്മയും രണ്ട് പെണ്‍ മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ആകെയുള്ള ആശ്രയമായിരുന്നു വസന്തകുമാരെന്നും ഇനി മുന്‍പോട്ടുള്ള ജീവിതം എങ്ങനെയാണെന്ന് അറിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. 

അതേസമയം, പുല്‍വാമയില്‍ ജെയ്ഷ് ഇ മൊഹമ്മദ് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം നാല്‍പ്പത്തിനാലായി. 

പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാന്‍ സാദ്ധ്യതയുള്ളതായി റിപ്പോര്‍ട്ടുണ്ട്.

ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയാണ് ഇന്നലെ വൈകിട്ട് തീവ്രവാദി ആക്രമണമുണ്ടായത്. 

2547 ജവാന്മാരുമായി പോയ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

78 വാഹനങ്ങളുള്‍പ്പെട്ട വ്യൂഹത്തിനുനേരെ ജയ്ഷെ ഭീകരന്‍ ആദില്‍ അഹമ്മദ് ദര്‍ സ്‌ഫോടകവസ്തു നിറച്ച എസ്.യു.വി. ഓടിച്ചുകയറ്റുകയായിരുന്നു. 350 കിലോഗ്രാം സ്‌ഫോടകവസ്തുക്കളാണ് അതിലുണ്ടായിരുന്നത്. 

ഉഗ്രസ്‌ഫോടനത്തില്‍ ബസ് വെറും ലോഹക്കഷണമായി മാറി. ശരീരഭാഗങ്ങള്‍ ആക്രമണസ്ഥലത്തിനു ചുറ്റും ചിതറിത്തെറിച്ചു. 

സ്‌ഫോടനശബ്ദം 12 കിലോമീറ്റര്‍ അകലെവരെ കേട്ടതായി നാട്ടുകാര്‍ പറഞ്ഞു. 2016-ല്‍ ഉറിയിലെ സേനാക്യാമ്പ് ആക്രമിച്ച് 23 ജവാന്മാരെ വധിച്ച ശേഷം ജമ്മുകശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ആള്‍ നാശമാണിത്.

 

Trending News