New Delhi: അന്തരിച്ച കേന്ദ്ര മന്ത്രിയും LJP സ്ഥാപക നേതാവുമായ രാം വിലാസ് പാസ്വാന്‍റെ (Ram Vilas Paswan) ഭൗതികശരീരം ഇന്ന് സംസ്‌കരിക്കും.
പറ്റ്നയിലെ ദിഖയിലെ ജനാര്‍ദ്ദനന്‍ ഗട്ടില്‍ ആണ് സംസ്‌കാരം നടക്കുക. പറ്റ്നയിലെ എല്‍ജെപി (LJP) ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ച ശേഷം പൂര്‍ണ ബഹുമതികളോടെയാവും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മകന്‍ ചിരാഗ് ആണ് അന്തിമ കര്‍മ്മങ്ങള്‍ ചെയ്യുക. ഡല്‍ഹിയില്‍ നിന്ന് ഇന്നലെയാണ് രാം വിലാസ് പാസ്വാന്‍റെ ഭൗതികശരീരം പറ്റ്നയില്‍ എത്തിച്ചത്.
കേന്ദ്ര ഭക്ഷ്യമന്ത്രിയും LJP സ്ഥാപക നേതാവുമായ രാംവിലാസ് പാസ്വാന്‍ ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആയിരുന്ന അദ്ദേഹം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു. പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുന്‍പ് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Also read: രാം വിലാസ് പാസ്വാന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി Amit Shah
അതേസമയം, രാം വിലാസ് പാസ്വാന്‍റെ വകുപ്പുകളുടെ ചുമതല കേന്ദ്രമന്ത്രി പീയുഷ് ഗോയലിന് (Piyush Goyal) നല്കി. ഭക്ഷ്യ-പൊതുവിതരണം, ഉപഭോക്തൃകാര്യം എന്നീ വകുപ്പുകളാണ് പാസ്വാന്‍ വഹിച്ചിരുന്നത്.
ഈ വകുപ്പുകളിലെ ചുമതല താത്കാലികമായി വഹിക്കാന്‍ പ്രധാനമന്ത്രി പീയുഷ് ഗോയലിന് നിര്‍ദ്ദേശം നല്കി. റെയില്‍വേ, വാണിജ്യ-വ്യവസായ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് പീയുഷ് ഗോയല്‍. ഈ വകുപ്പുകള്‍ക്ക് പുറമേയാണ് അധിക ചുമതല.