New Delhi: കേന്ദ്രമന്ത്രിyum LJP സ്ഥാപക നേതാവുമായ രാം വിലാസ് പാസ്വാന്‍റെ (Ram Vilas Paswan) നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ (Amit Shah). ട്വിറ്ററിലൂടെയാണ് അദ്ദേഹം പാസ്വാന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്.
"രാം വിലാസ് പാസ്വാന്‍റെ വിയോഗ വാര്‍ത്ത വല്ലാതെ ദു:ഖത്തിലാഴ്ത്തി. പാവങ്ങളുടെയും നിരാലംബരായവരുടെയും അവകാശങ്ങള്‍ക്കായി പോരാടിയ വ്യക്തിത്വമായിരുന്നു അദ്ദേഹ൦. പൊതുജന നന്മയും, രാജ്യതാത്പര്യവും മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍. പാസ്വാന്‍റെ മരണം ഇന്ത്യന്‍ രാഷ്ട്രീയത്തിന് തീരാ നഷ്ടമാണ്", അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
അടിയന്തരാവസ്ഥ കാലമോ, കൊറോണ കാലമോ ആകട്ടെ പാവങ്ങളുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. വിവിധ പദവികളില്‍ സേവനം അനുഷ്ഠിച്ച് പാസ്വാന്‍ ലാളിത്വം കൊണ്ടും, വ്യക്തിത്വം കൊണ്ടും എല്ലാവരുടെയും പ്രിയങ്കരനായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഭക്ഷ്യമന്ത്രിയും LJP സ്ഥാപക നേതാവുമായ രാംവിലാസ് പാസ്വാന്‍ ദിവസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില ഗുരുതരാവസ്ഥയില്‍ ആയിരുന്ന അദ്ദേഹം ഡല്‍ഹിയില്‍ ചികിത്സയിലായിരുന്നു.
Also read: കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ അന്തരിച്ചു
1969ലാണ് അദ്ദേഹം ആദ്യമായി ബീഹാര്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എട്ടുതവണ അദ്ദേഹം ലോക്‌സഭാംഗമായിട്ടുണ്ട്. 2000ലാണ് അദ്ദേഹം സ്വന്തം പാര്‍ട്ടിയായ എല്‍.ജെ.പിക്ക് (LJP) രൂപം നല്‍കിയത്.
ബീഹാർ രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കെത്തിയ രാം വിലാസ് പാസ്വാന്‍ രാജ്യത്തെ പ്രമുഖ ദളിത് നേതാക്കളില്‍ ഒരാളാണ്. ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് അദ്ദേഹത്തിന്‍റെ വിയോഗം.