ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭരണപരമായ അധികാരം ഡല്‍ഹി സര്‍ക്കാരിനെന്ന പ്രസക്തമായ വിധി പ്രഖ്യാപനവുമായി സുപ്രീം കോടതി. ഇതോടെ കേസില്‍ കേന്ദ്ര സര്‍ക്കാറിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പൊലീസ്, ലാന്‍ഡ്, പബ്ലിക് ഓര്‍ഡര്‍ എന്നിവ ഒഴിച്ചുള്ള അധികാരങ്ങള്‍ സംസ്ഥാനത്തിനാണെന്ന് സുപ്രീം കോടതി വിധിച്ചു. ഡല്‍ഹിയിലെ ഭരണ നിര്‍വഹണം സംബന്ധിച്ച് അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരും ലഫ്റ്റ്‌നന്റ് ഗവര്‍ണറും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന തര്‍ക്കത്തിനാണ് ഈ വിധിയിലൂടെ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിരാമമിട്ടിരിക്കുന്നത്.
ഡല്‍ഹിയിലെ ഭരണപരമായ അധികാരം ആര്‍ക്കാണ് എന്ന വിഷയത്തിലാണ് ഭരണഘടനയുടെ 239 എ.എ. അനുച്ഛേദപ്രകാരം ഭരണഘടന ബെഞ്ച് വിധി പ്രസ്താവിച്ചത്. ലെഫ്റ്റനന്റ് ഗവര്‍ണറെ മുന്‍ നിര്‍ത്തി ഡല്‍ഹിയിലെ ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രിക്കുകയാണെന്ന് ആരോപിച്ച് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിലാണ് ഈ സുപ്രധാനമായ വിധി വന്നിരിക്കുന്നത്. ഐഎഎസ് ഓഫിസര്‍മാരുരെട നിയമനം റദ്ദാക്കി, നിര്‍ണായകമായ ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നില്ല, അടിസ്ഥാനപരമായ ഭരണകാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് തടയുന്നു തുടങ്ങിയ വാദങ്ങളും ഡല്‍ഹി സര്‍ക്കാര്‍ കോടതിക്കു മുന്നില്‍ നടത്തി.
ALSO READ: കർണാടകയിൽ തൂക്കു നിയമസഭ ഉണ്ടാവില്ല, എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി ബിജെപി
2019ലും സുപ്രീം കോടതി ല്‍ഹിയില്‍ യഥാര്‍ത്ഥത്തില്‍ ഭരണം നിര്‍വ്വഹിക്കാനുള്ള അധികാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് വിധിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു രാജ്യതലസ്ഥാനത്തിന്റെ ഭരണത്തലവന്‍ ലഫ്റ്റനന്റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിക്കെതിരെ ആംആദ്മി പാര്‍ട്ടി നല്‍കിയ കേസില്‍ ഇത്തരത്തില്‍ വിധി പ്രസ്താവിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനാണ് ലഫ്റ്റനന്റ് ഗവര്‍ണറെക്കാള്‍ അധികാരമെന്ന് വ്യക്തമാക്കിയ കോടതി, പൊതു ഉത്തരവുകള്‍, പൊലീസ്, ഭൂമി എന്നിവയില്‍ മാത്രമായി ലഫ്.ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തി. മന്ത്രിസഭയുടെ ഉപദേശപ്രകാരം വേണം ലഫ്. ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും നിര്‍ദ്ദേശിച്ചു.
2016 ഓഗസ്റ്റിലായിരുന്നു ഡല്‍ഹി ഹൈക്കോടതി രാജ്യതലസ്ഥാനവും സമ്പൂര്‍ണ സംസ്ഥാന പദവിയില്ലാത്തതുമായ ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്നു വിധിച്ചത്. ലഫ്. ഗവര്‍ണര്‍ സംസ്ഥാന മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തിരുന്നു.
രാഷ്ട്രപതിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതിനിധിയായ ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു തീരുമാനവും അസാധുവാണെന്നാണു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍ മറ്റു കേന്ദ്ര ഭരണപ്രദേശങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഡല്‍ഹിയുടെ സാഹചര്യം വ്യത്യസ്തമാണെന്ന് എഎപി സര്‍ക്കാര്‍ വാദിച്ചു. ഡല്‍ഹിക്കു പ്രത്യേക പദവി ലക്ഷ്യമിട്ടു പാര്‍ലമെന്റ് പാസാക്കിയ നിയമത്തിലെ 239 എഎ വകുപ്പാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും ഉപദേശം സ്വീകരിച്ചു ലഫ്. ഗവര്‍ണര്‍ തീരുമാനമെടുക്കണമെന്നാണു ഭരണഘടന അനുശാസിക്കുന്നതെന്നാണു സംസ്ഥാന സര്‍ക്കാര്‍ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...