മീററ്റ്: പതിനഞ്ച് മാസങ്ങള്‍ക്ക് മുൻപ് കൊല്ലപ്പെട്ട അച്ഛന്റെ വാദം കോടതിയിൽ തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പേ അമ്മയും മകനും വെടിയേറ്റ് മരിച്ചു.
ബുധനാഴ്ച വൈകുന്നേരം മീററ്റിലെ സുർക്ക ഗ്രാമത്തിലാണ് സംഭവം. അയല്‍വാസിയായ മറ്റൊരു സ്ത്രീയ്ക്കൊപ്പം വീടിന് സമീപത്ത് നില്ക്കുമ്പോള് രണ്ട് അജ്ഞാതര്‍ അറുപത് വയസ്സ് പ്രായമുള്ള നിച്ചട്ടാർ കൗര്‍ എന്ന സ്ത്രീയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ച ഇവരുടെ ശരീരത്ത് നിന്നും എട്ടു ബുള്ളറ്റുകള്‍ കണ്ടെടുത്തിട്ടുണ്ട്.
ഇവര്‍ക്കുനേരെ വെടിവെച്ച് മിനുട്ടുകള്‍ക്ക് മുന്‍പ് 26 വയസുകാരനായ മകൻ ബൽവീന്ദർ കാറില്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. അക്രമികൾ ബൈക്കിൽ സഞ്ചരിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയത്. കൃത്യനിര്‍വഹണത്തിനുശേഷം ഇരുവരും കാൽനടയായി ഓടി രക്ഷപ്പെടുകയായിരുന്നു.
2016ല്‍ നരേന്ദർ സിംഗ് എന്നയാള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായതാണ് ഇന്നലെ നടന്ന സംഭവങ്ങള്‍. നരേന്ദറിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് അമ്മയും മകനും സാക്ഷി വിസ്താരത്തിനായി പോകാനിരിക്കെയാണ് ഇരുവര്‍ക്കും വെടിയേറ്റതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. കൊലപാതകത്തിന് സാക്ഷിയായിരുന്ന ഇവര്‍ രണ്ടുപേരും തെളിവു നൽകാന് കോടതിയില്‍ പോയാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണി ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു.
അതേസമയം നിച്ചട്ടാർ കൗറിനെ വെടിവെയ്ക്കുന്നദൃശ്യങ്ങള് തൊട്ടടുത്തുണ്ടായിരുന്ന സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു.