ബംഗളൂരു: മോഷ്ടിച്ച മൊബൈല്‍ തിരികെക്കിട്ടണമെങ്കില്‍ കാശ് കൊടുക്കണം എന്നൊക്കെ പറഞ്ഞ് നമ്മള്‍ കേട്ടിട്ടുണ്ട് എന്നാല്‍ ഈ മോഷ്ടാവിനു വേണ്ടത് മറ്റൊന്നായിരുന്നു.
ഫോണ്‍ തിരികെ വേണമെങ്കില്‍ നഗ്നചിത്രം അയച്ചുകൊടുക്കണമെന്നാണ് മോഷ്ടാവിന്‍റെ ആവശ്യം. ബംഗളൂരു ഹൂഡി സ്വദേശിയായ യുവതിക്കാണ് നഗ്നചിത്രം അയച്ചില്ലെങ്കില്‍ ഫോണ്‍ തിരികെ നല്‍കില്ലെന്ന മോഷ്ടാവിന്‍റെ ഭീഷണി നേരിടേണ്ടിവന്നത്. തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍നിന്ന് യുവതിയുടെ ഫോണ്‍ മോഷണം പോയത്. മറ്റൊരു ഫോണില്‍നിന്ന് തന്‍റെ മൊബൈലിലേക്ക് യുവതി ബെല്ലടിച്ചപ്പോള്‍ മോഷ്ടാവ് ഫോണെടുക്കുകയും യുവതിയോട് നഗ്നചിത്രങ്ങള്‍ അയച്ചു കൊടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്താല്‍ യുവതി പറയുന്നസ്ഥലത്ത് ഫോണ്‍ എത്തിച്ചുനല്‍കുമെന്നും ഇയാള്‍ പറഞ്ഞു.
യുവതി വഴങ്ങാതിരുന്നതോടെ ഫോണിലുണ്ടായിരുന്ന സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും നമ്പറുകളിലേക്ക് ഇയാള്‍ അശ്ലീലചിത്രങ്ങള്‍ അയയ്ക്കാനും തുടങ്ങി. ഫോണ്‍ കണ്ടെത്താന്‍ യുവതി വിളിച്ച അതേ നമ്പറിലേക്ക് ഇതേ ആവശ്യമുന്നയിച്ച് പലതവണ ഇയാള്‍ വിളിച്ചു.
ഒടുവില്‍ യുവതി മഹാദേവപുര പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം തുടങ്ങിയ പോലീസ് യുവതിയെ വ്യക്തമായി അറിയാവുന്നയാളാണ് മോഷണത്തിനു പിന്നിലെന്നാണ് സംശയിക്കുന്നത്. ഫോണുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും ഉടന്‍ അയാളെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.