ചെന്നൈ: തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർണ്ണക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്. കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ നിന്നും 3 പേരെ എൻഐഎ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇതോടെ കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
അറസ്റ്റു ചെയ്ത മൂന്നു പേരും തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഏജന്റുമാരാണ്. ഇവരാണ് അനധികൃതമായി എത്തിയ സ്വർണ്ണം വിൽക്കാൻ സഹായിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. ഡിഐജി കെ. ബി. വന്ദനയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ എത്തുകയും മുൻ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഇവർ കൂടിയാലോചന നടത്തിയിരുന്നു.
Also read: 50 വയസ്സിന് മുകളിലുള്ള പൊലീസുകാരെ ഫീൽഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുത്
കള്ളക്കടത്ത് സ്വർണ്ണത്തിന് നിക്ഷേപകരെ കണ്ടെത്താനും സ്വർണ്ണം വിൽക്കാനും ഇവർ തിരുച്ചിറപ്പള്ളി കേന്ദ്രീകരിച്ചുള്ള സ്വർണ്ണ വ്യാപാരികളെ ബന്ധപ്പെട്ടുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. തിരിച്ചിറപ്പള്ളിയിലെ സ്വർണ്ണക്കടകളിലും എൻഐഎ സംഘം പരിശോധന നടത്തിയിരുന്നു.
കൂടാതെ മുൻപ് അനധികൃതമായി സ്വർണ്ണം തമിഴ്നാട്ടിലെത്തിച്ച് വിൽപ്പന നടത്തി പിടിയിലായവരെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.