വന്യമൃഗങ്ങളെ നേരിട്ട് കാണാനും ചിത്രങ്ങൾ പകർത്താനും ഇഷ്ടപ്പെടുന്നവർ ഏറെയാണ്. ഇതിനായി ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും ജംഗിൾ സഫാരികൾ നടത്താവുന്നതാണ്. എന്നാൽ, പലപ്പോഴും ഇത്തരം യാത്രകളിൽ വന്യമൃഗങ്ങളെ കാണാതെ നിരാശരായി മടങ്ങേണ്ടി വരുന്നവരും ഉണ്ട്.
സിംഹം, കടുവ, പുലി തുടങ്ങിയ മൃഗങ്ങൾക്ക് ആരാധകർ ഏറെയുണ്ട്. ഇവയെ നേരിൽ കാണാനും അപ്രതീക്ഷിതമായ ചിത്രങ്ങൾ പകർത്താനുമായി കാട് കയറുന്നവരുണ്ട്. കടുവയെ നേരിൽ കാണുന്നതിന് പുറമെ വളരെ അടുത്ത് കാണണമെന്ന ആഗ്രഹം കൊണ്ട് ജംഗിൾ സഫാരി നടത്തിയ ഒരു സംഘത്തിൻറെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ആഗ്രഹം സാധിച്ചെന്ന് മാത്രമല്ല, അത് ഇവരുടെ ജീവിതത്തിലെ മറക്കാനാകാത്ത ഒരു അനുഭവമായി മാറുകയും ചെയ്തെന്നാണ് വൈറൽ വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലായി മാറിയത്.
ALSO READ: കാറിനെ ഇടിച്ച് തെറുപ്പിച്ചത് പ്രേതമാണോ? ക്യാമറയിൽ പതിഞ്ഞത് ഭയാനകമായ ദൃശ്യങ്ങൾ, വീഡിയോ
ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ സുരേന്ദർ മെഹ്റയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കടുവകളെ കാണണമെന്നുള്ള അതിയായ ആഗ്രഹം ചിലപ്പോഴെല്ലാം അവയുടെ ജീവിതത്തിലേയ്ക്കുള്ള കടന്നു കയറ്റമായി മാറാറുണ്ട് എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, ഈ വീഡിയോ എവിടെ നിന്ന് പകർത്തിയതാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
കടുവയുടെ ക്ലോസ് ചിത്രങ്ങൾ പകർത്താനായി തുറന്ന ജീപ്പ് നിർത്തി കാത്തിരിക്കുന്ന സംഘമാണ് വീഡിയോയിലുള്ളത്. അൽപ്പ നേരത്തിന് ശേഷം കാട്ടിൽ നിന്ന് ജീപ്പിനെ ലക്ഷ്യമാക്കി പാഞ്ഞടുക്കുകയാണ് കടുവ. ഗർജിച്ച് കൊണ്ട് ചീറിയടുത്ത കടുവയെ കണ്ട് ജീപ്പിലുണ്ടായിരുന്നവർ ഭയപ്പെടുകയും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഉടൻ തന്നെ ഡ്രൈവർ ജീപ്പ് അൽപ്പം മുന്നിലേയ്ക്ക് മാറ്റി. ജീപ്പിന് സമീപത്ത് എത്തിയ ശേഷം കടുവ തിരിച്ച് കാട്ടിലേയ്ക്ക് ഓടി മറയുന്നത് വീഡിയോയിൽ കാണാം.
Sometimes, our ‘too much’ eagerness for ‘Tiger sighting’ is nothing but intrusion in their Life…#Wilderness #Wildlife #nature #RespectWildlife #KnowWildlife #ResponsibleTourism
Video: WA@susantananda3 @ntca_india pic.twitter.com/B8Gjv8UmgF— Surender Mehra IFS (@surenmehra) November 27, 2022
വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമൻറുമായി എത്തിയത്. ജംഗിൾ സഫാരി നടത്തുമ്പോൾ അതീവ ജാഗ്രത ആവശ്യമാണെന്നാണ് ചിലർ പറയുന്നത്. ജീപ്പിൽ ഉണ്ടായിരുന്നവർ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കിയതിനാലാണ് കടുവ തിരികെ പോയതെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ മറ്റൊരു രീതിയിലാകുമായിരുന്നുവെന്നും മറ്റ് ചിലർ അഭിപ്രായപ്പെട്ടു. വിനോദ സഞ്ചാരികൾക്ക് വേണ്ടി പ്രത്യേകം ചില മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കേണ്ടത് ആവശ്യമാണെന്നായിരുന്നു ചിലരുടെ പക്ഷം. വിനോദ സഞ്ചാരികൾ വനത്തിനുള്ളിലേയ്ക്ക് പ്രവേശിച്ചാൽ നിശബ്ദത പാലിക്കണമെന്ന നിർദ്ദേശവും ചിലർ മുന്നോട്ട് വെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...