നാളെ മുതല്‍ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളുടെ യാത്ര നിരക്ക് അമ്പതു ശതമാനം വരെ കൂടും

വിമാന ടിക്കറ്റുകളുടെ മാതൃകയില്‍ യാത്രക്കാര്‍ കൂടുന്നതിനനുസരിച്ച്‌ ടിക്കറ്റിന് നിരക്ക് വര്‍ധിപ്പിക്കുന്ന ഫ്ളെക്സി നിരക്കു സംവിധാനം ട്രെയിനുകള്‍ക്കും ഏര്‍പ്പെടുത്താന്‍ റെയില്‍വേ മന്ത്രാലയം. ആദ്യ ഘട്ടമെന്നോണം രാജധാനി, തുരന്തോ, ശതാബ്ദി  ട്രെയിനുകളിലെ നിരക്കു പരിഷ്കാരം. നാളെ മുതല്‍ തീരുമാനം നടപ്പാവും. എന്നാല്‍, പഴയ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ ഒമ്ബതിന് ശേഷമുള്ള നിരക്ക് വര്‍ധന ബാധകമല്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

Last Updated : Sep 8, 2016, 12:36 PM IST
നാളെ മുതല്‍ രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളുടെ യാത്ര നിരക്ക് അമ്പതു ശതമാനം വരെ കൂടും

ന്യൂഡല്‍ഹി: വിമാന ടിക്കറ്റുകളുടെ മാതൃകയില്‍ യാത്രക്കാര്‍ കൂടുന്നതിനനുസരിച്ച്‌ ടിക്കറ്റിന് നിരക്ക് വര്‍ധിപ്പിക്കുന്ന ഫ്ളെക്സി നിരക്കു സംവിധാനം ട്രെയിനുകള്‍ക്കും ഏര്‍പ്പെടുത്താന്‍ റെയില്‍വേ മന്ത്രാലയം. ആദ്യ ഘട്ടമെന്നോണം രാജധാനി, തുരന്തോ, ശതാബ്ദി  ട്രെയിനുകളിലെ നിരക്കു പരിഷ്കാരം. നാളെ മുതല്‍ തീരുമാനം നടപ്പാവും. എന്നാല്‍, പഴയ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ ഒമ്ബതിന് ശേഷമുള്ള നിരക്ക് വര്‍ധന ബാധകമല്ലെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

രാജധാനിയിലും തുരന്തോയിലും സെക്കന്‍ഡ് സ്ലീപ്പര്‍, സ്ലീപ്പര്‍, തേര്‍ഡ് എസി, ടു എസി ടിക്കറ്റുകളിലും ശതാബ്ദി ട്രെയിനുകളിലെ ചെയര്‍കാര്‍ സീറ്റിനുമാണ് ഈ നിരക്കുവര്‍ധന. ഫസ്റ്റ്ക്ളാസ് എ.സി, എക്സിക്യുട്ടീവ് ക്ളാസ് ടിക്കറ്റുനിരക്കുകളില്‍ മാറ്റമുണ്ടാവില്ല. 

ആകെയുള്ള സീറ്റിന്‍റെ ആദ്യത്തെ 10 ശതമാനത്തില്‍ മാത്രമാണ് ഈ ട്രെയിനുകളില്‍ ഇപ്പോഴത്തെ നിരക്കില്‍ ടിക്കറ്റു ബുക്കു ചെയ്യാന്‍ സാധിക്കുക. 10 ശതമാനം സീറ്റുകള്‍ ബുക്കു ചെയ്തു കഴിഞ്ഞാല്‍ ടിക്കറ്റ് ചാര്‍ജ് 10 ശതമാനം വര്‍ധിക്കും. തുടര്‍ന്ന് ഓരോ 10 ശതമാനം സീറ്റിലും ഇത്തരത്തില്‍ നിരക്ക് കൂടിക്കൊണ്ടിരിക്കും. ഫലത്തില്‍ ട്രെയിനിലെ പകുതി യാത്രക്കാരും സാധാരണ ചാര്‍ജിനെക്കാള്‍ അമ്പതു ശതമാനം ഉയര്‍ന്ന നിരക്ക് നല്‍കേണ്ടി വരും.

തത്കാല്‍ ക്വാട്ട നിലവിലുള്ള മാര്‍ഗരേഖയനുസരിച്ച്‌ തുടരും. സെക്കന്‍ഡ് സിറ്റിങ്, സ്ലീപ്പര്‍, സെക്കന്‍ഡ് എ.സി, തേര്‍ഡ് എ.സി, ചെയര്‍കാര്‍ ടിക്കറ്റുകള്‍ക്ക് അടിസ്ഥാന നിരക്കിന്‍റെ ഒന്നരമടങ്ങ് തത്കാല്‍ ടിക്കറ്റുകള്‍ക്കായി നല്‍കേണ്ടിവരും. തത്കാല്‍ നിരക്ക് അധികമായി ഈടാക്കില്ല. ഈ ട്രെയിനുകളില്‍ പ്രീമിയം തത്കാല്‍ ക്വാട്ട ഉണ്ടായിരിക്കില്ല.

റദ്ദാക്കുന്ന ടിക്കറ്റുകളുടെ പണം തിരികെ നല്‍കുന്ന രീതിക്ക് മാറ്റമില്ല. പുതിയ നിരക്ക് രീതി നിലവില്‍ വരുന്ന സെപ്റ്റംബര്‍ ഒമ്പതിനു മുമ്പ് ബുക്ക് ചെയ്തവരില്‍ നിന്നും അധിക തുക ഈടാക്കില്ളെന്ന് റെയില്‍വേ അറിയിച്ചു.  ഫ്ളക്സി ഫെയര്‍  ഭാവിയില്‍ മറ്റു ട്രെയിനുകള്‍ക്കും വരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Trending News