കൊൽക്കത്ത: മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകൻ സുഭർഗ്ഗു റോയ് രംഗത്ത്. തിങ്കളാഴ്ച വൈകുന്നേരം ഇൻഡിഗോ ജിഇ-898 വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട മുകുൾ റോയ് രാത്രി 9:55 ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നുവെന്നും എന്നാൽ അദ്ദേഹം ഇറങ്ങിയിട്ടില്ലെന്നും തന്റെ പിതാവിനെ കാണാനില്ലെന്നും സുഭർഗ്ഗു റോയ് പറയുന്നു.
അതേസമയം ഞായറാഴ്ച റോയിയും മകനും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്നാണ് മുകുൾ റോയി ഡൽഹിയിലേക്ക് പോയതെന്നാണ് ചില ബന്ധുക്കൾ പറയുന്നത്. മുകുൾ റോയിയുടെ ഭാര്യയുടെ മരണത്തെ തുടർന്ന് അസുഖബാധിതനായ അദ്ദേഹത്തെ ഫെബ്രുവരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എയർപോർട്ട് പോലീസ് ഉദ്യോഗസ്ഥർക്ക് മുകുൾ റോയിയെ കാണാനില്ലെന്ന വിഷയത്തിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് മകൻ സുഭർഗ്ഗു റോയ് പറയുന്നത് എന്നാൽ തുവരെ ഔപചാരികമായ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് 2017 ൽ തൃണമൂൽ കോൺഗ്രസ് വിട്ട മുകുൾ റോയ് ബിജെപിയിൽ ചേർന്നിരുന്നു. ശേഷം അദ്ദേഹത്തെ ബിജെപി ദേശീയ വൈസ് പ്രസിഡന്റാക്കുകയുമുണ്ടായി. 2021 ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച റോയ് ഫലപ്രഖ്യാപനത്തിന് ശേഷം തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സുവേന്ദു അധികാരിയെ പ്രതിപക്ഷ നേതാവാക്കിയതോടെയാണ് മുകുൾ റോയ് ബിജെപിയുമായി തെറ്റിയത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ബംഗാൾ തന്ത്രത്തിന് പിന്നിലെ ഒരു പ്രധാന നേതാവായിരുന്നു മുകുൾ റോയ്. അന്ന് സംസ്ഥാനത്തെ ആകെയുള്ള 42 സീറ്റുകളിൽ 18 എണ്ണവും ബിജെപി നേടിയിരുന്നു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നാദിയ ജില്ലയിലെ കൃഷ്ണനഗർ ഉത്തർ നിയമസഭാ സീറ്റിൽ നിന്നാണ് റോയ് മത്സരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...