മുത്തലാഖ് ബില്‍ പാസായി; തമ്മിലടിച്ച്‌ കശ്മീരി നേതാക്കള്‍!!

മുസ്ലിം വനിതകളുടെ ഉന്നമനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസാക്കാനായത് എന്തായാലും ബിജെപിക്ക് രാഷ്ട്രീയ നേട്ടമായിരിക്കുകയാണ്. 

Last Updated : Jul 31, 2019, 06:08 PM IST
 മുത്തലാഖ് ബില്‍ പാസായി; തമ്മിലടിച്ച്‌ കശ്മീരി നേതാക്കള്‍!!

ന്യൂഡല്‍ഹി: മുസ്ലിം വനിതകളുടെ ഉന്നമനത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസാക്കാനായത് എന്തായാലും ബിജെപിക്ക് രാഷ്ട്രീയ നേട്ടമായിരിക്കുകയാണ്. 

മുത്തലാഖ് എന്ന അനീതിയ്ക്ക് ഇരയായവര്‍ക്ക് ആശ്വസിക്കാം, ഇനി മുതല്‍ അവര്‍ക്ക് പിന്തുടര്‍ച്ചക്കാര്‍ ഇല്ല എന്ന കാര്യമോര്‍ത്ത്...!!

ലോക്സഭയില്‍ മുത്തലാഖ് ബില്ലിനെ അനുകൂലിച്ചത് 99 പേര്‍, എതിര്‍ത്തത് 84 പേര്‍. ബില്ലില്‍ രാഷ്‌ട്രപതി ഒപ്പ് വയ്ക്കുന്നതോടെ ഇത് ഇന്ത്യയില്‍ നിയമമായി മാറും. 

അതേസമയം, മുത്തലാഖ് ബില്ല് രാജ്യസഭയിലും പസായത് കശ്മീരി നേതാക്കളുടെയിടെയില്‍ വാക്പോരിന് തുടക്കമിട്ടിരിയ്ക്കുകയാണ്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുളളയും പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയും തമ്മിലാണ് വാക്‌പോര്!!

സുപ്രീം കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന് ശേഷവും എന്തിനാണ് മുത്തലാഖ് ബില്‍ പാസാക്കിയത് എന്ന് മനസ്സിലാകുന്നില്ല എന്നാണ് മെഹ്ബുബ മുഫ്തി ട്വീറ്റ് ചെയ്തത്. മുസ്ലീങ്ങളെ ശിക്ഷിക്കാന്‍ വേണ്ടി മാത്രം ഉദ്ദേശിച്ചുളള നീക്കമാണിത്. രാജ്യത്തിന്‍റെ ഇന്നത്തെ ഈ സാമ്പത്തികാവസ്ഥയില്‍ മുത്തലാഖിനാണോ പ്രാധാന്യം നല്‍കേണ്ടത് എന്നും മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

എന്നാല്‍. മെഹ്ബൂബയ്ക്ക് മറുപടിയുമായി ഒമര്‍ അബ്ദുളള രംഗത്ത് എത്തി. "മെഹ്ബൂബ ജീ, ട്വീറ്റ് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ പാര്‍ട്ടിയിലെ അംഗങ്ങള്‍ എങ്ങനെയാണ് വോട്ട് ചെയ്തത് എന്ന് കൂടി അന്വേഷിക്കാമായിരുന്നു. സഭയില്‍ നിന്നും വിട്ട് നിന്നുകൊണ്ട് മുത്തലാഖ് ബില്‍ പാസാക്കാന്‍  സര്‍ക്കാരിനെ സഹായിക്കുകയാണ് നിങ്ങളുടെ എംപിമാര്‍ ചെയ്തത്", ഒമര്‍ അബ്ദുളള ട്വിറ്ററില്‍ കുറിച്ചു.

ഇരു നേതാക്കളും വിടാന്‍ ഭാവമില്ലായിരുന്നു. തൊട്ടു പിന്നാലെതന്നെ ഒമറിന് മറുപടിയുമായി മെഹ്ബൂബ മുഫ്തി വീണ്ടും രംഗത്ത് എത്തി. 1999ല്‍ ബിജെപിക്കെതിരെ സഭയില്‍ വോട്ട് ചെയ്തത് സോസ് സാഹിബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ നിങ്ങള്‍ക്ക് ഇത് പറയാനുള്ള ധാര്‍മിക അവകാശമില്ലെന്നാണ് മെഹ്ബൂബ ട്വീറ്റ് ചെയ്തത്. വോട്ടെടുപ്പില്‍ നിന്ന് വിട്ട് നില്‍ക്കുക എന്നതിനര്‍ത്ഥം അനുകൂല വോട്ടല്ല എന്നാണെന്ന് കൂടി താങ്കളുടെ അറിവിലേക്ക് പറയുന്നു എന്നും മെഹ്ബൂബ മുഫ്തി കുറിച്ചു.

എന്നാല്‍ പിഡിപിയുടെ ഇരട്ടത്താപ്പിനെ ന്യായീകരിക്കാന്‍ 20 വര്‍ഷം മുന്‍പ് നടന്ന കാര്യം ഓര്‍ക്കേണ്ടി വരുന്നുവെന്നും ഇതിലൂടെ നിങ്ങള്‍ അംഗീകരിക്കുന്നത് വോട്ടെടുപ്പില്‍നിന്ന് എംപിമാരോട് മാറിനില്‍ക്കാന്‍ നിര്‍ദേശം നല്‍കിയത് നിങ്ങള്‍ തന്നെയെന്നതാണ്. ഇത് ബിജെപിയെ സഹായിച്ചു എന്നതില്‍ സംശയമില്ലായെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.

ഇന്നലെയാണ് ബില്‍ രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ പാസായതോടെ രാജ്യത്തുനിന്നും വലിയ ഒരു അനീതി തുടച്ചുനീക്കപ്പെടുകയാണ് എന്ന് കരുതാം.

 

Trending News