സണ്ണി ഡിയോള്‍ 'യുവതാര൦'; കേന്ദ്രമന്ത്രിയ്ക്കെതിരെ ട്രോള്‍ പൂരം!!

കേന്ദ്രമന്ത്രിയുടെ പ്രശംസ കുറച്ച്‌ കടന്ന കൈയല്ലേയെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. 

Updated: Apr 24, 2019, 03:40 PM IST
 സണ്ണി ഡിയോള്‍ 'യുവതാര൦'; കേന്ദ്രമന്ത്രിയ്ക്കെതിരെ ട്രോള്‍ പൂരം!!

ന്യൂഡല്‍ഹി: ബോളിവുഡ് താരം സണ്ണി ഡിയോള്‍ കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ചേര്‍ന്നത്. 

ന്യൂഡല്‍ഹിയിലെ ബിജെപി മുഖ്യാലയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനാണ് അംഗത്വം നല്‍കി സണ്ണിയെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തത്.

സണ്ണിയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള നിര്‍മ്മല സീതരാമന്‍റെ പ്രസംഗത്തിലെ ഒരു വാക്കാണ് ഇപ്പോള്‍ പരിഹാസത്തിന് ഇടയാക്കിയിരിക്കുന്നത്. 

സണ്ണി ഡിയോളിനെ 'യുവ'നടനെന്ന് വിശേഷിപ്പിച്ചായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രസംഗം. 62കാരനായ സണ്ണിയെ 'യുവ'നടനെന്ന് വിശേഷിപ്പിച്ച നിര്‍മ്മലാ സീതാരാമനെതിരെ നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. 

സണ്ണി ഡിയോള്‍ സൂപ്പര്‍താരമാണെന്ന് അംഗീകരിക്കുന്നുവെങ്കിലും കേന്ദ്രമന്ത്രിയെക്കാള്‍ 'മൂന്ന് വയസ് കൂടുതല്‍' പ്രായമുണ്ടെന്ന കാര്യം മറക്കരുത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം. 

കേന്ദ്രമന്ത്രിയുടെ പ്രശംസ കുറച്ച്‌ കടന്ന കൈയല്ലേയെന്ന അഭിപ്രായവുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സണ്ണി ഡിയോള്‍ പഞ്ചാബിലെ ഗുരുദാസ്പൂരിനിന്നും ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് സൂചന. 

ആക്ഷന്‍ താരം സണ്ണി ഡിയോള്‍ ബോര്‍ഡര്‍ പോലുള്ള രാജ്യസ്നേഹ, ആര്‍മി സിനിമകളിലൂടെ പ്രശസ്തനാണ്. പിതാവ് ധര്‍മേന്ദ്രയ്ക്കും രണ്ടാനമ്മയായ ഹേമ മാലിനിയ്ക്കും ശേഷം ബിജെപിയിലേക്കെത്തുന്ന കുടുംബത്തിലെ മൂന്നാമത്തെയാളാണ് സണ്ണി ഡിയോള്‍.