കോണ്‍ഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയിട്ട് ഒരുമാസമായി... ജ്യോതിരാദിത്യ സിന്ധ്യ

താന്‍ ബിജെപിയിലേയ്ക്ക് ചേക്കേറുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ്‌ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. 

Last Updated : Nov 25, 2019, 05:11 PM IST
    1. താന്‍ ബിജെപിയിലേയ്ക്ക് ചേക്കേറുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ്‌ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ
    2. ട്വീറ്ററില്‍ കോണ്‍ഗ്രസ് നേതാവെന്ന പദവി താന്‍ ഒഴിവാക്കിയിട്ട് ഒരുമാസമായി. ഇപ്പോഴാണ് മറ്റുള്ളവര്‍ ഇക്കാര്യം ശ്രദ്ധിച്ചത്, അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയിട്ട് ഒരുമാസമായി... ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: താന്‍ ബിജെപിയിലേയ്ക്ക് ചേക്കേറുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ്‌ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. 

ട്വീറ്റര്‍ അക്കൗണ്ടിലെ പദവി മാറ്റം മുന്‍നിര്‍ത്തിയാണ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യുഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍, ട്വീറ്ററില്‍ കോണ്‍ഗ്രസ് നേതാവെന്ന പദവി താന്‍ ഒഴിവാക്കിയിട്ട് ഒരുമാസമായി. ഇപ്പോഴാണ് മറ്റുള്ളവര്‍ ഇക്കാര്യം ശ്രദ്ധിച്ചതെന്നാണ് ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കിയിരിക്കുന്നത്.

ട്വീറ്ററിലെ പദവി ചുരുക്കണമെന്ന ആളുകളുടെ നിര്‍ദ്ദേശം മാനിച്ചാണ് ഇക്കാര്യം ചെയ്തത്. താന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേസമയം, കോണ്‍ഗ്രസ്‌ നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന സിന്ധ്യ ട്വീറ്ററില്‍ കോണ്‍ഗ്രസ് നേതാവ് എന്ന പദവി ഒഴിവാക്കിയത് വലിയ അഭ്യൂഹങ്ങള്‍ക്കിടയാക്കി. ജനസേവകന്‍, ക്രിക്കറ്റ് ആരാധകന്‍ എന്നീ വിശേഷണങ്ങള്‍ മാത്രമാണ് അദ്ദേഹം ട്വീറ്ററില്‍ നിലവില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെയാണ് സിന്ധ്യ കോണ്‍ഗ്രസ് വിടുന്നുവെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.

മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ അധികാരമേറ്റതോടെ പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെ നിയമിക്കണമെന്ന ആവശ്യം കുറേ മാസങ്ങളായി ഉയരുന്നുണ്ട്. ജ്യോതിരാദിത്യ സിന്ധ്യയെ പിസിസി അദ്ധ്യക്ഷൻ ആക്കണമെന്ന ആവശ്യവുമായി കൂടുതൽ പേർ രംഗത്ത് എത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഈ വിഷയത്തില്‍ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.  

ആ അവസരത്തിലാണ്, ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്ററിൽ വരുത്തിയ തിരുത്തൽ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതും അഭ്യൂഹങ്ങള്‍ക്ക് വഴിതെളിച്ചതും.  

അതേസമയം, ജോതിരാദിത്യസിന്ധ്യ കോൺഗ്രസ് വിടുമെന്ന വാർത്ത രാജ്യതലസ്ഥാനത്ത് ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സിന്ധ്യ ട്വീറ്റർ ബയോയിൽ മാറ്റം വരുത്തിയതെന്നും അഭ്യൂഹങ്ങളുണ്ട്. രണ്ടു മൂന്നു ദിവസം മുൻപാണ് സിന്ധ്യ-മോദി കൂടിക്കാഴ്ച നടന്നതെന്നാണ് സൂചന.

അതേസമയം, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിയെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. രാജ്യ താൽപര്യത്തിനനുസരിച്ചാണ് മോദി സർക്കാർ ജമ്മു-കാശ്മീർ വിഷയത്തിൽ ഇടപെട്ടതെന്നായിരുന്നു സിന്ധ്യയുടെ ട്വീറ്റ്.

എന്നാല്‍, ഇപ്പോള്‍ ട്വീറ്ററിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ മറ്റൊരു വലിയ മാറ്റത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ചുവടുമാറ്റത്തിന് മുന്‍പായുള്ള സൂചനയാണോ ഇത് എന്നാണ് ഇനി അറിയേണ്ടത്...

Trending News