തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെങ്കില്‍ പ്രളയക്കെടുതിയാല്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ ഐക്യരാഷ്ട്രസഭ തയ്യാറാണെന്ന് ശശി തരൂര്‍ എം.പി. വിദേശ സഹായം ഇന്ത്യ തേടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ സ്വീകരിക്കുമെങ്കില്‍ ഐക്യരാഷ്ട്രസഭ കേരളത്തിനുള്ള ധനസഹായം പ്രഖ്യാപിക്കാന്‍ തയ്യാറാണെന്ന് തരൂര്‍ വ്യക്തമാക്കി. യു.എ.ഇ നല്‍കാമെന്ന സഹായം സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അഭിമാനപ്രശ്‌നമായി കാണരുതെന്നും ശശി തരൂര്‍ നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഐക്യരാഷ്ട്രസഭയുടേതടക്കം വിദേശ സഹായം വേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. യു.എന്നിന്റെ സഹായം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ നിരാകരിച്ചിരുന്നു.
ഐക്യരാഷ്ട്രസഭ മുന്‍ ജനറല്‍ സെക്രട്ടറി കോഫി അന്നന്റെ സംസ്‌കാര ചടങ്ങുകള്‍ക്കായി ജനീവയിലേക്ക് പോയ തരൂര്‍ സംസ്ഥാനത്തെ പ്രളയക്കെടുതിയെക്കുറിച്ച് ഐക്യരാഷ്ട്രസഭ പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
അതേസമയം ഐക്യരാഷ്ട്രസഭയോട് സഹായം തേടിയത് വ്യക്തിപരമായാണെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയായല്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി.