ലഖ്നൗ: സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടിയുമായി ഉത്തര്‍ പ്രദേശ് യോഗി സര്‍ക്കാര്‍...
പ്രത്യേക പോലീസ് സേന രൂപീകരിക്കാനാണ് യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്. കേന്ദ്ര പോലീസ് സേനയായ സിഐഎസ്‌എഫിന് (CISF) സമാനമായ സേനയെ സംസ്ഥാനത്ത് നിയമിക്കാനാണ് തീരുമാനം. ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് (Uttar Pradesh Special Security Force) എന്ന പേരിലാണ് സേനയെ നിയമിക്കുന്നത്.
ഇത്തരത്തില്‍ മറ്റൊരു സേന രൂപീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ കോടതികള്‍, വിമാനത്താവളങ്ങള്‍, അധികാരസ്ഥാപനങ്ങള്‍, മെട്രോ, ബാങ്ക്, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ സംരക്ഷണമാണ് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്ന പുതിയ വിഭാഗത്തിന് നല്‍കുക.
വാറണ്ടില്ലാതെയുള്ള പരിശോധനയ്ക്കും അറസ്റ്റിനും അധികാരമുള്ളതും കേന്ദ്ര പോലീസ് സേനയായ സിഐഎസ്‌എഫിന് സമാനമായതുമാണ് പുതിയ സേനാവിഭാഗം. ആദ്യ എട്ട് ബറ്റാലിയനുകള്‍ക്കായി 1,7,47.06 കോടി രൂപയാണ് സര്‍ക്കാര്‍ നീക്കിവയ്ക്കുന്നത്.
കൂടാതെ, മജിസ്‌ട്രേറ്റില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതി ഇല്ലാതെ തന്നെ ഏതൊരാളെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യുപിഎസ്‌എസ്‌എഫ് (UPSSF)അംഗങ്ങള്‍ക്ക് ഉണ്ടായിരിക്കും. 1968 ലെ സിഐഎസ്‌എഫ് ആക്ടിന്‍റെ പതിനൊന്നാം വകുപ്പില്‍ വ്യക്തമാക്കിയിട്ടുള്ള എല്ലാ അധികാരവും യുപിഎസ്‌എസ്‌എഫിനുണ്ടായിരിക്കുമെന്നാണ് സൂചന.
സിഐഎസ്‌എഫ് ആക്ടിന്‍റെ പതിനൊന്നാം വകുപ്പില്‍ വ്യക്തമാക്കിയിരിക്കുന്ന തരത്തിലുള്ള കുറ്റകൃതങ്ങള്‍ ചെയ്തതോ ചെയ്യാന്‍ സാധ്യതയോയുള്ള വ്യക്തി രക്ഷപ്പെടുമെന്നോ കുറ്റകൃത്യം മറയ്ക്കുമെന്നോ ഉറപ്പുള്ള സാഹചര്യത്തില്‍ ആ വ്യക്തിയെ വാറണ്ടിന്‍റെ അഭാവത്തില്‍ അറസ്റ്റ് ചെയ്യാമെന്ന് നിയമത്തിന്‍റെ പന്ത്രണ്ടാം വകുപ്പില്‍ വിശദീകരിച്ചിട്ടുണ്ട്. ഇത്തരം സന്ദര്‍ഭത്തില്‍ അറസ്റ്റ് ചെയ്യാനുള്ള അധികാരം യുപിഎസ്‌എസ്‌എഫ് അംഗങ്ങള്‍ക്കുണ്ടായിരിക്കും.
എന്നാല്‍, യുപിഎസ്‌എസ്‌എഫിന് നല്‍കിയിരിക്കുന്ന പ്രത്യേക അധികാരം ദുര്‍വിനിയോഗത്തിനിടയാക്കുമെന്ന് വിവിധതലങ്ങളില്‍ നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. വിമര്‍ശനത്തോട് സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.