മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും നറുക്ക് വീണത്‌ വി. മുരളീധരന്

എബിവിപിയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ വി.മുരളീധരന്‍ നിലവില്‍ രാജ്യസഭാ എംപിയാണ്.   

Last Updated : May 30, 2019, 04:09 PM IST
മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നും നറുക്ക് വീണത്‌ വി. മുരളീധരന്

നരേന്ദ്രമോദിയുടെ മന്ത്രിസഭയിലേയ്ക്ക് കേരളത്തില്‍ നിന്നും നറുക്ക് വീണത്‌ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരന്‍ എംപിയ്ക്ക്.

ആന്ധ്രയിലായിരുന്ന മുരളീധരനോട് വ്യാഴാഴ്ച രാവിലെ ഡല്‍ഹിയിലെത്താന്‍ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അദ്ദേഹം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയിട്ടുണ്ടായിരുന്നു. 

എബിവിപിയിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ വി.മുരളീധരന്‍ നിലവില്‍ രാജ്യസഭാ എംപിയാണ്. പാര്‍ട്ടിയിലെ സീനിയോറിറ്റി കണക്കിലെടുത്താണ് അദ്ദേഹത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചത്. 

മുരളീധരന് പുറമെ ഡല്‍ഹിയിലെത്താന്‍ നിര്‍ദ്ദേശം ലഭിച്ച കുമ്മനം രാജശേഖരനും തലസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവര്‍ രണ്ട് പേരെ കൂടാതെ രാജ്യസഭാംഗമായ സുരേഷ് ഗോപിയും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനവുമാണ് പരിഗണനയിലുണ്ടായിരുന്നത്.

നിലവിലെ കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് വി.മുരളീധരനെ പരിഗണിച്ചത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരന്‍.

ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് വി.മുരളീധരൻ. സംഘടനാ തലത്തിലും വലിയ പിടിപാടുള്ള വി.മുരളീധരൻ ഏറെ കാലം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ന്യൂനപക്ഷ പ്രാതിനിധ്യം എന്ന നിലയ്ക്കാണ്  അൽഫോൺസ് കണ്ണന്താനത്തെ കഴിഞ്ഞതവണ മന്ത്രിസഭയിലേക്ക് പരിഗണിച്ചത്. എന്നാൽ കേന്ദ്ര മന്ത്രിസഭയിലെ പങ്കാളിത്തത്തെ കുറിച്ച് കണ്ണന്താനത്തിന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അൽഫോൺസ് കണ്ണന്താനത്തെ ഒഴിവാക്കി തന്നെയാണ് വി മുരളീധരനെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. 

Trending News