ആന്ധ്രയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയെന്ന്‍ ചന്ദ്രബാബു നായിഡു

2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സമരം ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ സത്യാഗ്രഹം. 

Updated: Feb 11, 2019, 12:06 PM IST
ആന്ധ്രയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയെന്ന്‍ ചന്ദ്രബാബു നായിഡു

ന്യൂഡല്‍ഹി: 2014ലെ ആന്ധ്രപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് കേന്ദ്രം നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന നിരാഹാര സമരം ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ആന്ധ്ര ഭവനിലാണ് മുഖ്യമന്ത്രിയുടെ സത്യാഗ്രഹം. 

രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്, രാജ്യത്തിന്‍റെ ആവശ്യം തിരിച്ചറിയാത്തവരാണ് രാജ്യം ഭരിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ആന്ധ്രയോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അനീതിയാണ്, തന്നെ ആക്രമിക്കുകയാണ് ആന്ധ്രയില്‍ വരുമ്പോള്‍ മോദി ചെയ്യുന്നതെന്നും ചന്ദ്രബാബു നായിഡു അഭിപ്രായപ്പെട്ടു. 
ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കുക എന്ന ആവശ്യമുയര്‍ത്തി നടത്തുന്ന ഏകദിന സത്യാഗ്രഹ വേദിയില്‍ സംസാരിക്കുകയായിരുന്നു എന്‍ ചന്ദ്രബാബു നായിഡു.

വ്യക്തിഹത്യ നിര്‍ത്തി ആന്ധ്രയ്ക്ക് വേണ്ടത് ചെയ്യൂ എന്നും ചന്ദ്രബാബു നായിഡു. കേന്ദ്ര സര്‍ക്കാരിനെതിരായാണ് സമരമെന്നും തിരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നില്ലെന്നും ചന്ദ്രബാബു നായിഡു കുറ്റപ്പെടുത്തി. അവകാശം നേടാതെ മടങ്ങില്ലെന്ന് മോദിക്ക് താക്കിത് നല്‍കിയ ചന്ദ്രബാബു നായിഡു തങ്ങളും ഈ രാജ്യത്തിന്‍റെ ഭാഗമാണ് എന്നും നീതി തങ്ങള്‍ക്കും വേണമെന്നും ആവശ്യപ്പെട്ടു.

രാജ്ഘട്ടില്‍ പ്രണാമം അര്‍പ്പിച്ച ശേഷമാണ് നായിഡു സമരപ്പന്തലിലെത്തിയത്. സംസ്ഥാനത്തെ മന്ത്രിമാര്‍, എം.എല്‍.എമാര്‍, ടി.ഡി.പി എം.പിമാര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്. കറുത്ത വസ്ത്രമാണ് നായിഡുവുള്‍പെടെ സമരസംഘത്തിലുള്ളവര്‍ ധരിച്ചിരിക്കുന്നത്.

ചന്ദ്രബാബു നായിഡുവിന് പിന്തുണ അറിയിച്ച് ജമ്മു-കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയും കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധിയും എത്തിയിരുന്നു.

ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്കുദേശം പാര്‍ട്ടി എന്‍.ഡി.എ സഖ്യം ഉപേക്ഷിച്ചിരുന്നു.