ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്കിടെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗളൂരുവില്‍ എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിക്കിടെ വേദിയിലെത്തി മൈക്ക് കൈയിലെടുത്ത യുവതി മൂന്നു തവണ പാക് അനുകൂല മുദ്രാവാക്യമായ 'പാകിസ്ഥാന്‍ സിന്ദാബാദ്' എന്ന് വിളിക്കുകയായിരുന്നു.
പിന്നീട് ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും പാകിസ്ഥാന്‍ സിന്ദാബാദ് എന്നും ഇവര്‍ ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു. ഇവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്.
അപ്രതീക്ഷിതമായി സദസിലേയ്ക്ക് കയറിവന്ന യുവതിയുടെ ഈ നടപടിയില്‍ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി.
പെട്ടെന്ന് തന്നെ ഒവൈസി യുവതിയുടെ അരികിലേക്ക് ഓടിയെത്തി മൈക്ക് പിടിച്ചു വാങ്ങാനും യുവതിയെ തടയാനും ശ്രമിച്ചു. മാത്രമല്ല ഒവൈസിക്ക് പിന്നാലെ പ്രവര്‍ത്തകരും നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും വേദിയിലെത്തി യുവതിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ വീണ്ടും പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ച് വേദിയില്‍ നില്‍ക്കുകയായിരുന്നു.
ഒടുവില്‍ പൊലീസ് ബലം പ്രയോഗിച്ചാണ് യുവതിയെ വേദിയില്‍ നിന്നും നീക്കിയത്. അമൂല്യ ലിയോണ എന്ന യുവതിയാണ് മുദ്രാവാക്യം വിളിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം യുവതിയുമായി തനിക്കോ തന്‍റെ പാര്‍ട്ടിക്കോ യാതൊരു ബന്ധമില്ലെന്നും അവസാന ശ്വാസംവരെ 'ഭാരത് മത കീ ജയ്' മാത്രമാണ് തന്‍റെ മുദ്രാവാക്യമെന്നും ഒവൈസി വ്യക്തമാക്കി.