ന്യൂഡല്‍ഹി: ബലപ്രയോഗത്തിലൂടെ മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കിയതിന് ശേഷം സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി. 24കാരിയായ യുവതിയാണ് കാറില്‍ വച്ച് താന്‍ കൂട്ടബലാത്സംഗത്തിന് ഇരയായിയെന്ന് പരാതി നല്‍കിയത്.
സംഭവം നടന്നത് ഡല്‍ഹിയിലാണ്. ഡല്‍ഹിയിലെ ഷാദ്രയിലെ ക്രോസ് റിവര്‍ മാളിന് സമീപത്തെ കാറിനോട് ചേര്‍ന്നിരുന്ന് കരയുന്ന യുവതിയെ കുറിച്ച് വഴിയാത്രക്കാരാനാണ് പൊലീസില്‍ വിവരം അറിയിച്ചത്.
ക്രോസ് റിവര്മാളിന് സമീപം കാണാമെന്ന് ആവശ്യപ്പെട്ട അമിതാണ് യുവതിയെ വിളിച്ച് വരുത്തിയത്. രണ്ട് സുഹൃത്തുക്കളുമായാണ് അമിത് യുവതിയെ കാണാനെത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്കി. അബോധാവസ്ഥയിലായ യുവതിയെ മൂവരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പൊലീസ് യുവതിയുടെ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. 30 കാരനായ അമിത് ആണ് യുവതിയെ പീഡിപ്പിച്ചത്. ഇയാളുടെ സുഹൃത്തുക്കള്‍ക്ക് ഇതിലുള്ള പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്.
വീട് വാങ്ങാന്‍ കുറഞ്ഞ പലിശയ്ക്ക് ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞാണ് വ്യവസായിയായ അമിത് മറ്റൊരു സഹൃത്തുവഴി യുവതിയെ പരിചയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ബാഘ്പത്ത് സ്വദേശിയാണ് അമിത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അമിതിനെതിരെ കേസെടുത്തു.