ഉത്തർപ്രദേശിലെ ബറെയ്‌ലി സ്വദേശിയായ യുവതി 39 ചേർന്ന് തന്നെ പീഡിപ്പിച്ചതായി പരാതി നൽകി. എന്നാൽ യുവതിയുടെ പരാതി വ്യാജമാണെന്ന് പ്രദേശവാസികൾ ആരോപിച്ചു. തിരിച്ചറിഞ്ഞ 4 പേർക്കെതിരെയും തിരിച്ചറിയാത്ത 35 പേർക്കെതിരെയുമാണ് യുവതി പരാതി നൽകിയിരിക്കുന്നത്.
യുവതിയുടെ ഭർത്താവിനും കുടുംബത്തിനുമെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. കഴിഞ്ഞ ഡിസംബർ 17 നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതി നൽകിയതിനെ തുടർന്ന് ശനിയാഴ്ച 32കാരിയായ പരാതിക്കാരിക്കെതിരെ എസ്‌പി ഓഫീസിന് മുന്നിൽ വലിയ പ്രതിഷേധം നടന്നു.
കേസിൽ അന്വേഷണം നടത്തുമെന്ന് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അശോക് കുമാർ വ്യക്തമാക്കി. 39 പേരിൽ നിന്നായി യുവതിയുടെ ഭർത്താവ് രണ്ടര ലക്ഷത്തോളം രൂപ കടം വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ ചോദിച്ചപ്പോഴാണ് പീഡന പരാതി നല്കിയതെന്നുമാണ് പ്രദേശവാസികളുടെ ആരോപണം.
അതേസമയം പീഡന പരാതി നൽകിയതിനെ തുടർന്ന് തന്നോട് ഗ്രാമവാസികൾ അവിടം വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണെന്നും യുവതി പോലീസിനെ അറിയിച്ചു. മദ്യപാനിയായ യുവതിയുടെ ഭർത്താവ് സ്വന്തം പേരിലുള്ള സ്ഥലം വിറ്റ ശേഷം പണം തിരികെ നൽകാമെന്നാണ് പറഞ്ഞിരുന്നതെന്ന് ഗ്രാമത്തലവൻ അജയ് കുമാർ വ്യക്തമാക്കി.എന്നാൽ സ്ഥലം വിറ്റ ശേഷം യുവതിയുടെ ഭർത്താവ് കടം വീട്ടിയില്ലെന്നും പകരം വ്യാജ പരാതി ഭാര്യയെ കൊണ്ട് കൊടുപ്പിക്കുകയാണ് ചെയ്തതെന്നും അജയ് കുമാർ പറഞ്ഞു.