കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മിന്നല്‍ പരിശോധന; 10 മൊബൈലുകള്‍ കണ്ടെടുത്തു

ഇതോടെ ഒന്‍പത് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്ത മൊബൈലുകളുടെ എണ്ണം 21 ആയി.   

Last Updated : Jun 25, 2019, 11:42 AM IST
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മിന്നല്‍ പരിശോധന; 10 മൊബൈലുകള്‍ കണ്ടെടുത്തു

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മിന്നല്‍ പരിശോധന. തുടര്‍ച്ചയായി നാലാം ദിവസം നടത്തിയ പരിശോധനയിലും ഫോണുകള്‍ പിടിച്ചെടുത്തു.  10 മൊബൈല്‍ ഫോണുകളും കഞ്ചാവും പിടിച്ചെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

പിടിച്ചെടുത്ത മൊബൈലുകളില്‍ അഞ്ചെണ്ണം സ്മാര്‍ട്ട്‌ ഫോണുകളാണ്. രാഷ്ട്രീയത്തടവുകാര്‍ കൂടുതലുള്ള ആറാം ബ്ലോക്കില്‍ നിന്നാണ് നാല് പവര്‍ ബാങ്കുകളടക്കം പരിശോധനയില്‍ കണ്ടെത്തിയത്. 

ഇതോടെ ഒന്‍പത് ദിവസത്തിനുള്ളില്‍ പിടിച്ചെടുത്ത മൊബൈലുകളുടെ എണ്ണം 21 ആയി. സെല്ലിന്‍റെ വരാന്തയില്‍ ഉത്തരത്തിലും, മൂത്രപ്പുരയുടെ സമീപം കുഴിച്ചിട്ട നിലയിലാണ് മൊബൈലുകളും ബാറ്ററികളും കണ്ടെത്തിയതെന്നാണ് സൂചന. 

ഒരു തടവുകാരന്‍റെ കയ്യില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ പിടിച്ചെടുത്ത കഞ്ചാവ് പൊതിയുടെ എണ്ണം നാലായി. സൂപ്രണ്ട് ടി. ബാബുരാജന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.  

കഴിഞ്ഞ ദിവസം വിയ്യൂരില്‍ നടന്ന മിന്നല്‍ പരിശോധനയില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ഷാഫിയുടെ കയ്യില്‍ നിന്നും രണ്ട് ഫോണുകളാണ് അന്വേഷണസംഘം പിടികൂടിയത്. ഇതിന് മുന്‍പ് രണ്ടുതവണ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.

Trending News