ശബരിമല ദര്‍ശനത്തിന് സ്റ്റേയില്ല; അപേക്ഷ നല്‍കി 36 യുവതികള്‍!

അപേക്ഷിക്കുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍.

Last Updated : Nov 14, 2019, 05:15 PM IST
ശബരിമല ദര്‍ശനത്തിന് സ്റ്റേയില്ല; അപേക്ഷ നല്‍കി 36 യുവതികള്‍!

തിരുവനന്തപുരം: മണ്ഡലക്കാലം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമല ദര്‍ശനത്തിന്ന്‍ അപേക്ഷ നല്‍കി 36 സ്ത്രീകള്‍!

2018ലെ ശബരിമല യുവതി പ്രവേശന വിധിയ്ക്ക് പിന്നാലെ സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് യുവതികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 

ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന കോടതിവിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് യുവതികള്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 

നവംബര്‍ 17നാണ് മണ്ഡലക്കാലം ആരംഭിക്കുന്നത്. 

അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ലഭിച്ചത് 36 അപേക്ഷകളാണ്. 

യുവതീ പ്രവേശനത്തിനു സ്റ്റേയില്ലാത്ത സാഹചര്യത്തില്‍ ഇനിയും സ്ത്രീകള്‍ ശബരിമല കയറാന്‍ മുന്നോട്ടു വന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ശബരിമല കയറാനെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷയൊരുക്കണമെന്ന് ശബരിമല കയറിയ ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇനിയും അവസരം ലഭിച്ചാല്‍ മലകയറുമെന്ന് കനഗദുര്‍ഗയും വ്യക്തമാക്കിയിരുന്നു.

ശബരിമല കേസ് വിശാല ബഞ്ചിന് വിട്ടാണ് ഇന്ന് സുപ്രീം കോടതി വിധി പ്രസ്താവം നടത്തിയത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്‍റെ ഭൂരിപക്ഷ അഭിപ്രായത്തെ തുടര്‍ന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണ്ണായക തീരുമാനം. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ ഇന്ദു മല്‍ഹോത്ര, ഖാന്‍വില്‍ക്കര്‍ എന്നിവരാണ് കേസ് വിപുല ബഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടത്. 

രോഹിന്‍ടണ്‍ നരിമാന്‍, ജസ്റ്റിസ് ചന്ദ്രചൂഡ് എന്നിവരാണ്‌ എതിര്‍പ്പ് പ്രകടിപ്പിച്ചത്. പുന:പരിശോധന ഹര്‍ജികള്‍ തള്ളണമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. 

Trending News