തിരുവനന്തപുരം: കള്ളുചെത്ത് വ്യവസായമേഖലയെ സംരക്ഷിക്കുന്നതിന് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. മേഖലയെ സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കള്ളുചെത്ത് മേഖലയിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ സംരക്ഷണം ഉറപ്പു വരുത്തുമെന്നും വ്യവസായ ബോർഡ് യാഥാർഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പരമ്പരാഗത വ്യവസായമെന്ന നിലയില്‍ കള്ള് വ്യവസായത്തെ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രകൃതിദത്ത പാനീയമായ കള്ളിന് കൂടുതല്‍ പ്രചാരണം നല്‍കുമെന്നും ശുദ്ധമായ കള്ള് ഉപഭോക്താക്കള്‍ക്ക് നൽകുന്നതില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഉപഭോക്താക്കള്‍ക്ക് ശുദ്ധമായ കള്ള് ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. കള്ള് ഉത്പാദനം കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും സംഭരിച്ച് മറ്റ് സ്ഥലങ്ങളിലെത്തിക്കും.'കള്ളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള സംരംഭങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അധികമായി ലഭിക്കുന്ന കള്ള് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താനും ബോർഡിന് ചുമതല നൽകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കള്ളിൻ്റെ ഉത്പാദനത്തിന് പുറമേ അന്തർജില്ല, അന്തർ റെയ്ഞ്ച് നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ട്രാക്ക് ആൻഡ് ട്രേസ് സംവിധാനം ഏർപ്പെടുത്തും. ഇതിലൂടെ ബോർഡിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു. കള്ള് ചെത്ത് വ്യവസായ ബോർഡിന് ചീഫ് എക്സിക്യുട്ടീവ് ഓഫീസറെ ഏപ്രിലിൽ തന്നെ നിയോഗിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.