കൊച്ചി: നടൻ ഇന്നസെന്റ് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വച്ചായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് മരണ വിവരം അറിയിച്ചത്. തിങ്കളാഴ്ച രാവിലെ എട്ട് മുതല്‍ 11 മണി വരെ കലൂര്‍ കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനമുണ്ടാകും. മൂന്ന് മണിക്ക് ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ നടക്കും. സിനിമയിലും രാഷ്ട്രീയത്തിലും സജീവമായ ഇന്നസെന്റിന്റെ വിയോഗത്തിൽ രാഷ്ട്രീയ നേതാക്കൾ അനുശോചനം അറിയിച്ചു.
പ്രേക്ഷകരുടെ മനസിൽ വലിയ സ്ഥാനം നേടിയ കലാകാരനാണ് ഇന്നസെന്റെന്ന് സ്പീക്കർ എഎൻ ഷംസീർ
തന്റേതായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ വലിയ സ്ഥാനം നേടിയ കലാകാരനാണ് ഇന്നസെന്റ്. ഒരു കലാകാരൻ എന്നതിനോടൊപ്പം ജനകീയനായ സാമൂഹിക പ്രവർത്തകൾ കൂടി ആയിരുന്നു അദ്ദേഹം. ചെറിയ വേഷങ്ങളിൽ അഭിനയിച്ച് സിനിമാ രംഗത്തെത്തിയ ഇന്നസെന്റ് തുടർന്ന് വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്ത് ജനഹൃദയങ്ങൾ കീഴടക്കി. നിർമ്മാതാവായും ചലച്ചിത്ര താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ലോകസഭാംഗമായിരുന്ന അദ്ദേഹം രോഗത്തോട് പടപൊരുതി മുന്നേറിയ ഒരു വ്യക്തിത്വമായിരുന്നു. താൻ എത്തുന്നിടത്തുള്ള എല്ലാവരേയും എപ്പോഴും സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. സിനിമാസ്വാദകരുടേയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.
ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല; ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
പതിറ്റാണ്ടുകൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം നടന്ന ഇന്നസെൻ്റ് ഇന്ന് വേദനിപ്പിക്കുന്ന ഓർമ്മയായിരിക്കുന്നു. വാക്കിലും നോക്കിലും പെരുമാറ്റത്തിലും ഹ്യൂമർ സെൻസിന്റെ മധുരം നിറച്ച ഒരാൾ. അഭിനയത്തിലും എഴുത്തിലും അത്രമേൽ ആത്മാർഥത കാട്ടിയ ഒരാൾ. നിഷ്ക്കളങ്കമായ ഒരു ചിരി കൊണ്ട് സ്വന്തം പേരിനെ അന്വർഥമാക്കിയ ഒരാൾ. അതിലേറെ ശരീരത്തെ കാർന്നു കൊണ്ടിരിക്കുന്ന രോഗത്തെ ധീരതയോടെ നേരിടുകയും സമൂഹത്തിന് ഒന്നാകെ ധൈര്യം പകർന്ന് നൽകുകയും ചെയ്തൊരാൾ. ഇന്നസെൻ്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല.
സിനിമയിൽ സൃഷ്ടിച്ച കഥാപാത്രങ്ങളെ പോലെ ജീവിതത്തിലും പല വേഷങ്ങൾ. ഇരിഞ്ഞാലക്കുട നഗരസഭ മുതൽ ഇന്ത്യൻ പാർലമെൻ്റ് വരെ നീണ്ട രാഷ്ട്രീയ ജീവിതം. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് 18 വർഷം. അറുനൂറിലധികം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇന്നസെന്റ് മലയാള സിനിമയെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ ഹാസ്യതാരങ്ങളില്‍ ഒരാളാണ്. എന്റെ കൗമാരത്തിലും യൗവനത്തിലും ഇന്നസെൻ്റ് സ്ക്രീനിൽ നിറഞ്ഞാടുകയായിരുന്നു. 80കളിലും 90കളിലും വർഷത്തിൽ നാൽപ്പതും നാൽപത്തഞ്ചും സിനിമകൾ വരെ ചെയ്തു. പ്രത്യേക ശരീരഭാഷയും സംഭാഷണ ശൈലിയും അനുപമമായ അഭിനയസിദ്ധിയും കൊണ്ട് ഇന്നസെൻ്റെന്ന ഇരിങ്ങാലക്കുടക്കാരൻ അരനൂറ്റാണ്ട് മലയാള സിനിമക്കൊപ്പം നടന്നു. അദ്ദേഹത്തിൻ്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ആരാധകരുടെയും ദു:ഖത്തിൽ പങ്ക് ചേരുന്നു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ സഹയാത്രികനും വക്താവും; ഇന്നസെന്റിനെ അനുസ്മരിച്ച് മന്ത്രി കെഎൻ ബാലഗോപാൽ
മഹാനായ കലാകാരനും സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അനുസ്മരിച്ചു. എന്നും എക്കാലവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ സഹയാത്രികനും വക്താവുമായിരുന്നു അദ്ദേഹം. ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നസെന്റിനോടൊപ്പം ഒരേ കാലയളവിൽ എംപി ആയിരിക്കാൻ കഴിഞ്ഞപ്പോഴാണ് അദ്ദേഹവുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞത്. വളരെ മികച്ച ഓർമ്മകളാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളത്.
നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയിലെ നിറസാന്നിധ്യമായ ഇന്നസെന്റ് ദീർഘകാലം സിനിമ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു. കാൻസർ രോഗത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ച ഇന്നസെന്റ് രോഗബാധിതർക്കാകെ പ്രചോദനമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇന്നസെന്റിന്റെ വിയോഗം വലിയ ശൂന്യത സൃഷ്ടിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.
കഠിനമായ ജീവിത സാഹചര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ട വ്യക്തിത്വം: മന്ത്രി റോഷി അഗസ്റ്റിൻ
മലയാളികളെ ഇത്രമാത്രം ചിരിപ്പിച്ച ഇന്നസെന്റിന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്. സിനിമയിലും പാർലമെന്ററി രംഗത്തും സംഘടനാ പ്രവർത്തനത്തിലും ഒരുപോലെ ശോഭിച്ച അപൂർവം പേരിൽ ഒരാളാണ് അദ്ദേഹം. കഠിനമായ ജീവിത സാഹചര്യങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ട വ്യക്തിത്വമാണ്. പിൽക്കാലത്തു കാൻസർ എന്ന രോഗത്തെയും ചിരിച്ചു കൊണ്ട് അതിജീവിച്ചു. ആ ചിരിക്കഥകൾ അനേകം പേർക്ക് കരുത്ത് പകർന്നു. മലയാളികളുടെ ജീവിതത്തിന്റെ ഭാഗമാണ് ഇന്നസെന്റ് എന്ന സിനിമാനടൻ. മലയാളി ജീവിതങ്ങളോട് ഇത്രമേൽ ചേർന്ന് നിന്ന മറ്റൊരു നടൻ ഉണ്ടാകില്ല. രോഗം പിടിമുറുക്കുമ്പോഴും ഹോസ്പിറ്റൽ വാർഡിൽ ചിരി പടർത്തിയ മനുഷ്യനാണ്. നിഷ്കളങ്കമായ ചിരിയുടെ മറ്റൊരു പേര് തന്നെ ആണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വേദനയിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.
ഇന്നസെൻ്റിൻ്റെ വിയോഗം കേരളത്തിന് തീരാ നഷ്ടം: മന്ത്രി പിഎ മുഹമ്മദ് റിയാസ്
പ്രിയപ്പെട്ട ഇന്നസെൻ്റിൻ്റെ വിയോഗം മലയാളികളെ ആകെ വേദനിപ്പിക്കുന്നതാണ്. ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത തലങ്ങളിൽ കഴിവ് പ്രകടിപ്പിച്ച ഇന്നസെൻ്റ് ആസ്വാദക മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ്. ജീവിതത്തിൽ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട ഇന്നസെൻ്റ് പാർലിമെൻ്റംഗം എന്ന നിലയിൽ ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചു. ഇച്ഛാശക്തിയോടെ പ്രതിസന്ധി ഘട്ടങ്ങളെ നേരിട്ട ഇന്നസെൻ്റിൻ്റെ വിയോഗം കേരളത്തിന് തീരാ നഷ്ടമാണ്. പ്രിയപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും ദു:ഖത്തിൽ പങ്കുചേരുന്നു.
മലയാള സിനിമയ്ക്ക് തീരാനഷ്ടം: മന്ത്രി വി അബ്ദു റഹിമാൻ
ആറ് പതിറ്റാണ്ടിലേറെ മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടൻ ഇന്നസെന്റിന്റെ വേർപാട് കനത്ത നഷ്ടമാണെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ഇന്നസെന്റ് പിന്നീട് വില്ലൻ വേഷങ്ങളിൽ ഉൾപ്പെടെ തിളങ്ങിയ പ്രതിഭാശാലിയായിരുന്നു. കാൻസർ രോഗത്തോടുള്ള പോരാട്ടത്തിൽ മഹത്തായ മാതൃക തീർത്താണ് അദ്ദേഹം വിടപറഞ്ഞത്. മലയാളിയുടെ മനസിൽ എന്നും നിലകൊള്ളുന്ന നിരവധി വേഷങ്ങൾക്ക് അദ്ദേഹം തിരശ്ശീലയിൽ ജീവൻ നൽകി. സംഭാഷണ ശൈലിയും മാനറിസങ്ങളുമായിരുന്നു കരുത്ത്. ഏതു കഥാപാത്രത്തിനും ഒരു ഇന്നസെന്റ് ടച്ച് നൽകിയിരുന്നു.
ഒട്ടനവധി പുരസ്കാരങ്ങൾ ആ മികവിനെ തേടിയെത്തി. സിനിമാ നടൻ എന്നതിനപ്പുറം അമ്മയുടെ ഭാരവാഹി എന്ന നിലയിലും ലോക്സഭാംഗം എന്ന നിലയിലും ഏറെ ശ്രദ്ധ നേടി. വളരെ ചെറിയ നിലയിൽ നിന്നാണ് ഉയർന്നുവന്നതെന്നത് എന്നും അഭിമാനത്തോടെ പറയുമായിരുന്നു. നിർമ്മാതാവ്, എഴുത്തുകാരൻ എന്നീ നിലകളിലും കഴിവ് തെളിയിച്ചു. വലിയ തോതിൽ സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാൻ ഇന്നസെന്റ് എന്നും ശ്രദ്ധിച്ചു. മലയാള ചലച്ചിത്ര ലോകത്തിന്റെയും ഇന്നസെന്റിന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
മലയാളികൾക്കും സിനിമാപ്രേമികൾക്കും ഇന്നസെന്റിന്റെ വിയോഗം തീരാനഷ്ടം: മന്ത്രി ഡോ. ആർ ബിന്ദു
നടനും മുൻ എംപിയും ഇരിങ്ങാലക്കുടയുടെ സ്വന്തം പുത്രനുമായ പ്രിയപ്പെട്ട ഇന്നസെന്റ് യാത്രയായിരിക്കുന്നു. അർബുദബാധിതനായി ഏറെനാളായി തുടരുന്ന ചികിത്സക്കിടെയാണ് അന്ത്യം. നടനേക്കാൾ സ്വന്തം നാട്ടുകാരൻ എന്ന നിലയിലും അച്ഛന്റെയും അച്ഛന്റെ സഹോദരിയുടെയും ശിഷ്യനെന്ന നിലയിലും ചെറുപ്പം തൊട്ടേയുള്ള അടുപ്പം ഏറ്റവും സ്നേഹത്തോടെ ഓർക്കുന്നു. അച്ഛനോടും അച്ഛന്റെ സഹോദരിയോടുമുള്ള ബഹുമാനം എപ്പോഴും ഞങ്ങളുടെ സംഭാഷണങ്ങളിലും കണ്ടുമുട്ടലുകളിലും നിറഞ്ഞിരുന്നു.
അരനൂറ്റാണ്ടു കാലം ചലച്ചിത്രാസ്വാദകരുടെ ഹൃദയം നിറച്ച് നമ്മോടൊപ്പം ഇന്നസെന്റുണ്ടായി. സിനിമയിലെന്നപോലെ നേർജീവിതത്തിലും സൂക്ഷിച്ച നർമ്മമായിരുന്നു ഇന്നസെന്റിന്റെ വ്യതിരിക്തത. നിർമ്മാതാവായി സിനിമയിൽ രംഗപ്രവേശം ചെയ്ത് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് പദവി വരെ അദ്ദേഹം വഹിച്ചു. 1972-ൽ നൃത്തശാല എന്ന ആദ്യ ചിത്രത്തിൽ തുടങ്ങി, ഹാസ്യനടനും സ്വഭാവനടനുമായി മുഖ്യശ്രദ്ധയിലേക്ക് ഉയർന്നപ്പോഴും സവിശേഷമായ ശരീരഭാഷയും നർമ്മോക്തി കലർന്ന അംഗവിക്ഷേപങ്ങളും ഗ്രാമ്യഭാഷയിലുള്ള സംഭാഷണങ്ങളും സ്വതസിദ്ധതയോടെ ഇന്നസെന്റ് നിലനിർത്തി.
കുഞ്ഞുങ്ങൾ തൊട്ട് പ്രായമായവരുടെ വരെ ഇഷ്ടഭാജനമായിരുന്നു ഇന്നസെന്റ്. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ അവാർഡ്, 2009ലെ മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങി ഇന്നസെന്റിന് അംഗീകാരങ്ങളുടെ നിറവേകാൻ നമുക്ക് സാധിച്ചു. നടനെന്നതിനൊപ്പം തന്നെ മികച്ച രാഷ്ട്രീയപ്രവർത്തകൻ കൂടിയായി ഇന്നസെന്റ് നമുക്കുമുന്നിൽ സ്വയം തെളിയിച്ചു. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ ചാലക്കുടി നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി പാർലമെന്റിലും തിളങ്ങി. എംപി എന്ന നിലയിൽ സുസ്ഥിരമായ വികസനം മണ്ഡലത്തിന് ഇന്നസെന്റ് സമ്മാനിച്ചു. അഭൂതപൂർവ്വമായ വികസനപ്രവര്‍ത്തനങ്ങളാണ് ഇന്നസെന്റ് ജനപ്രതിനിധിയെന്ന നിലയ്ക്ക് നടപ്പാക്കിയത്.
മലയാളികൾക്കും സിനിമാപ്രേമികൾക്കും ഇന്നസെന്റിന്റെ വിയോഗം തീരാനഷ്ടം തന്നെയാണ്. വിടപറഞ്ഞെങ്കിലും ഇന്നസെന്റിന്റെ നർമ്മവും ചിരിയും അഭിനയമുഹൂർത്തങ്ങളും എന്നും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും. ഇരിങ്ങാലക്കുടയുടെ മുഖംതന്നെ ആയിരുന്നു ഇന്നസെന്റ്. ഇരിങ്ങാലക്കുടയുടെ സാംസ്കാരികരംഗത്തും സജീവമായി നിറഞ്ഞുനിൽക്കാൻ എപ്പോഴും ഇന്നസെന്റ് സമയം കണ്ടെത്തിയത് ഏറ്റവും സ്നേഹ ബഹുമാനങ്ങളോടെ എന്നുമോർക്കും.
ഇന്നസെന്റിന്റെ വിയോഗം മലയാള സിനിമയിലേല്‍പ്പിക്കുന്ന വിടവ് നികത്താന്‍ സാധിക്കില്ല: മന്ത്രി സജി ചെറിയാൻ
അത്യന്തം ദുഃഖകരമായ വാര്‍ത്തയാണ് നമ്മെ തേടിയെത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഇന്നസെന്റ് വിടവാങ്ങിയിരിക്കുന്നു. എണ്ണമറ്റ സിനിമകളില്‍ നമ്മളെ ചിരിപ്പിച്ചും കണ്ണു നനയിച്ചും ചിന്തിപ്പിച്ചും ചിലപ്പോഴൊക്കെ കഥാപാത്രത്തെ വെറുക്കാന്‍ പ്രേരിപ്പിച്ചും തന്റെ പ്രതിഭയുടെ ആഴവും പരപ്പും തെളിയിച്ച മലയാള സിനിമയുടെ സ്വന്തം ഇന്നച്ചന്‍ ഇനി വെള്ളിത്തിരയിലില്ല എന്ന യാഥാര്‍ത്ഥ്യം വേദനയോടെ മാത്രമേ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളൂ. നിര്‍മാതാവായി സിനിമയിലെത്തി പിന്നീട് മലയാളസിനിമയില്‍ വെള്ളിത്തിരയിലും പുറത്തുമായി സജീവസാന്നിധ്യമായി നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ലോകത്തെമ്പാടുമുള്ള മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി വിടവാങ്ങുന്നത്.
ഇന്നസെന്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ് എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ചികിത്സയ്ക്ക് വേണ്ട എല്ലാ പിന്തുണയും ഉറപ്പാക്കുവാന്‍ ചലച്ചിത്ര അക്കാദമിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് നേരിട്ട് ആശുപത്രിയിൽ പോയി അദ്ദേഹത്തിന്റെ രോഗാവസ്‌ഥ വിലയിരുത്തി. അതീവഗുരുതരം ആണെന്ന് അറിയാമെങ്കിലും മനസിൽ തിരിച്ചുവരവെന്ന പ്രത്യാശ ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ നാളുകളിലെ പോലെ രോഗത്തെ ചിരിച്ചുതോല്‍പ്പിച്ചു അദ്ദേഹം മടങ്ങിവരുമെന്ന പ്രതീക്ഷ വിഫലമായിരിക്കുന്നു.
മലയാളികളെ ചിരിപ്പിക്കാന്‍ ഇന്നസെന്റിന് സംഭാഷണങ്ങള്‍ പോലും ആവശ്യമില്ലായിരുന്നു. മുഖഭാവങ്ങള്‍ കൊണ്ടും ശരീരഭാഷ കൊണ്ടും അദ്ദേഹം ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്തു. മിഥുനം, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങിയ സിനിമകളില്‍ അദ്ദേഹം കാഴ്ചവെച്ച ഭാവങ്ങള്‍ ഇന്നും ട്രോളുകളുടെ രൂപത്തില്‍ നമ്മളെ ചിരിപ്പിക്കുന്നു. മനസ്സില്‍ നിന്ന് മായാതെ കിടക്കുന്ന എത്രയെത്ര കോമഡി ചിത്രങ്ങള്‍. മൈഡിയർ മുത്തച്ചൻ, ഗജകേസരിയോഗം, വർണ്ണം, പ്രാദേശിക വാർത്തകൾ, മണിച്ചിത്രത്താഴ്, അഴകിയ രാവണൻ, പാവം പാവം രാജകുമാരന്‍, കിഴക്കുണരും പക്ഷി, സർവ്വകലാശാല, ആമിനാ ടെയ്ലേഴ്സ്, ഡോ. പശുപതി, കിലുക്കം, കല്യാണരാമന്‍, പ്രാഞ്ചിയേട്ടന്‍ തുടങ്ങി പെട്ടെന്ന് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചിത്രങ്ങള്‍ നിരവധിയാണ്.
ഹാസ്യനടന്‍ എന്ന നിലയില്‍ മാത്രമല്ല ക്യാരക്ടര്‍ റോളുകളും വില്ലന്‍ കഥാപാത്രങ്ങളും ഇന്നസെന്റ് വഴക്കത്തോടെ അവതരിപ്പിച്ചു. ദേവാസുരത്തിലെയും രാവണപ്രഭുവിലെയും വാര്യരെ മറക്കാന്‍ സാധിക്കുമോ? ഗോഡ്ഫാദര്‍, പൊന്മുട്ടയിടുന്ന താറാവ് തുടങ്ങിയ അസംഖ്യം സിനിമകള്‍ ഉദാഹരണം. കേളി, അദ്വൈതം, കാതോട് കാതോരം തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍വേഷവും എടുത്തു പറയാതെ വയ്യ. കാതോട് കാതോരത്തിലെ കപ്യാരെ ഒക്കെ കയ്യില്‍ കിട്ടിയാല്‍ തല്ലിക്കൊല്ലണം എന്ന് പ്രേക്ഷകന് തോന്നുന്ന രീതിയില്‍ ആ കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചു. ഇത്തരത്തില്‍ എത്രയോ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാല്‍ നമ്മെ അത്ഭുതപ്പെടുത്തുവാന്‍ അദ്ദേഹത്തിന് സാധിച്ചു.
അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല സംഘടനാഭാരവാഹി എന്ന നിലയിലും സംഘാടകന്‍ എന്ന നിലയിലും ഇന്നസെന്റ് മലയാളസിനിമയുടെ വളര്‍ച്ചയ്ക്കായി പ്രയത്നിച്ചു. അമ്മയുടെ ദീര്‍ഘകാല ഭാരവാഹി എന്ന നിലയില്‍ അഭിനേതാക്കളുടെ ക്ഷേമത്തിനായുള്ള നടപടികളില്‍ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. തുടക്കം മുതല്‍ ഇടതുപക്ഷ, പുരോഗമനനിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച ഇന്നസെന്റ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിക്കുകയും ചാലക്കുടി ജനത അദ്ദേഹത്തെ ഏല്‍പ്പിച്ച എം.പി എന്ന ചുമതല ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. അവിചാരിതമായി കാന്‍സര്‍ തേടിയെത്തിയപ്പോള്‍ തളരാതെ സധൈര്യം അതിനെ നേരിട്ട അദ്ദേഹം തന്റെ ചികിത്സാനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകത്തിലൂടെ സമാനരോഗാവസ്ഥയില്‍ കടന്നുപോകുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കി.
ഇന്നസെന്റിന്റെ വിയോഗം മലയാളസിനിമയിലേല്‍പ്പിക്കുന്ന വിടവ് നികത്താന്‍ സാധിക്കില്ല. തന്റെ സിനിമകളിലൂടെ മലയാളികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്ന, നിത്യജീവിതത്തില്‍ എന്നും കണ്ടുമുട്ടുന്ന അയല്‍ക്കാരിലൊരാളായി നാം സങ്കല്പ്പിച്ച ഇന്നസെന്റ് ഇനി നമ്മുടെ ഓര്‍മകളില്‍ അനശ്വരനായി നിലകൊള്ളും. മലയാളികള്‍ ഓരോരുത്തരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രിയപ്പെട്ട ഇന്നസെന്റിന് ആദരാഞ്ജലികൾ.
സമൂഹത്തിന്റെ വിവിധ മേഖലകളിൽ കൈയൊപ്പ് ചാർത്തിയ പ്രതിഭ: കെ.സി വേണുഗോപാൽ എംപി
കാൻസർ വാർഡിൽപ്പോലും നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തിയിരുന്നു ഇന്നസെന്റ് എന്ന അതുല്യപ്രതിഭ. അരനൂറ്റാണ്ടോളമാണ് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും നമുക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നത്. രണ്ട് തവണ അർബുദത്തെ നേരിടുമ്പോൾപ്പോലും തോറ്റുപോകാൻ ഒരുക്കമല്ലാത്ത ഒരു മനസ്സ് അദ്ദേഹത്തിൽ നേരിട്ട് കണ്ടിട്ടുണ്ട്. സിനിമയിൽ നിറഞ്ഞാടുന്ന ഇന്നസെന്റിന് പുറമേ സമൂഹത്തിന്റെ വിവിധ മേഖലകളിൽ അദ്ദേഹം കൈയൊപ്പ് ചാർത്തി. അമ്മയെ 12 വർഷക്കാലം മുന്നോട്ട് നയിച്ച കാലം ഇന്നും ഓർമയിലുണ്ട്. സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗത്ത് പാർലമെന്റിൽ നർമവും വിവേകവും പടർത്തിയ പ്രസംഗങ്ങളും ഇവിടെ ബാക്കിയാക്കിയാണ് അദ്ദേഹം വിടപറയുന്നത്. കലാ-സാംസ്‌കാരിക രംഗത്തിനും പൊതു രാഷ്ട്രീയ മണ്ഡലത്തിനും തീരാനഷ്ടമാണ് ഈ വിയോഗം. ഇന്നസെന്റിന്റെ വേർപാടിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായി കെ.സി വേണുഗോപാൽ എം.പി പറഞ്ഞു.
ഇന്നസെന്റിന്റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് തീരാനഷ്ടം: കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍
ചിരിപ്പിച്ചും ചിന്തിപ്പിച്ചും അഞ്ചുപതിറ്റാണ്ടുകാലം മലയാള സിനമയിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. തൃശ്ശൂര്‍ ശെെലിയിലുള്ള സംഭാഷണം അദ്ദേഹത്തെ കൂടുതല്‍ ശ്രദ്ധേയനാക്കി. മുഖഭാവം കൊണ്ടും ശരീരഭാഷ കൊണ്ടും അദ്ദേഹം കേരളക്കരയിലെ മലയാളി പ്രേക്ഷകരെ രസിപ്പിച്ചു. ഒരായുസ് മുഴുവന്‍ മലയാളികള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള നിരവധി കഥാപാത്രങ്ങളെ മലയാളികള്‍ക്ക് സമ്മാനിച്ച ശേഷമാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും ചലചിത്ര മേഖലയിലെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഹാസ്യസാമ്രാട്ടായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം ചലച്ചിത്ര മേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരന്‍ പറഞ്ഞു.
മലയാളസിനിമയിൽ ഹാസ്യത്തിന് പുതിയൊരു ഭാഷ്യം ചമച്ച അതുല്യ നടൻ: രമേശ് ചെന്നിത്തല
മലയാളസിനിമയിൽ ഹാസ്യത്തിന് പുതിയൊരു ഭാഷ്യം ചമച്ച അതുല്യ നടനായിരുന്നു ഇന്നസെന്റ് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മലയാളി പ്രേക്ഷകരുടെ മനസ്സുകളിൽ എക്കാലവും മായാതെ നിൽക്കുന്ന ഒട്ടേറെ കഥാപാത്രങ്ങൾക്കു ജീവൻ നൽകിയ ഇന്നസെന്റിന് പകരം വയ്ക്കാൻ മറ്റൊരാളില്ല. ചിരിസാമ്രാജ്യത്തിലെ ആ ചക്രവർത്തിയുടെ തിരോധാനം മലയാള സിനിമയ്ക്ക് അപരിഹാര്യമായ നഷ്ടമാണ്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും ശോഭിച്ച് അദ്ദേഹം ജനപ്രിയനായി. അദ്ദേഹവുമായി ഏറെ സൗഹൃദം പുലർത്തിയിരുന്ന തന്നെ സംബന്ധിച്ച് ഈ വിയോഗം ദു:ഖകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
മലയാള സിനിമയ്ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ഇന്നസെൻ്റിൻ്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാനഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. അച്ഛനായും ജ്യേഷ്ഠനായും സുഹൃത്തായും മലയാളിയുടെ വീട്ടിലെ ഒരു അംഗമായി മാറിയ നടനായിരുന്നു ഇന്നസെൻ്റ്. തൻ്റെ സ്വതസിദ്ധമായ നർമ്മം കൊണ്ട് എല്ലാവരുടേയും പ്രിയങ്കരനായി മാറാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ കുടുംബത്തിൻ്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...