എറണാകുളം: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ നിര്‍ണ്ണായക തെളിവായ ദൃശ്യങ്ങള്‍ കാണാന്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് കോടതിയുടെ അനുമതി.
കേസിലെ പ്രധാന തെളിവായാണ് ദൃശ്യങ്ങള്‍ പ്രോസിക്യൂഷൻ കോടയിൽ ഹാജരാക്കിയത്. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സുനില്‍ കുമാര്‍ തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ശിക്ഷ ലഭിച്ചതിന് ശേഷം ദൃശ്യങ്ങൾ കണ്ടിട്ട് കാര്യമില്ലാത്തതിനാല്‍ വിചാരണയ്ക്ക മുൻപ് അവസരം നൽകണമെന്നും സുനില്‍ കുമാറിന്‍റെ അഭിഭാഷകന്‍ വാദിച്ചു. ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, കോടതിയുടെയും അഭിഭാഷകന്‍റെയും സാന്നിധ്യത്തിൽ മാത്രമേ ദൃശ്യങ്ങള്‍ പ്രതിയെ കാണിക്കൂ.
വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലും അഭിഭാഷകരായ രാജു ജോസഫ്, പ്രതീഷ് ചാക്കോ എന്നിവരുടെ വിടുതൽ ഹർജിയിലും അടുത്തമാസം 18ന് എറണാകുളം സെഷൻസ് കോടതി വിധി പറയും.
2017 ഫെബ്രുവരിയിലാണ് സിനിമയുടെ ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരുന്നവഴി നടി ആക്രമിക്കപ്പെട്ടത്. നടിയുടെ മുന്‍ ഡ്രൈവറായിരുന്ന പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ഒടുന്ന വാഹനത്തില്‍ നടിയെ ലൈംഗീകമായി അപമാനിക്കാനും ആ ദൃശ്യങ്ങള്‍ പകര്‍ത്താനുമായിരുന്നു പ്രതികള്‍ ശ്രമിച്ചത്. നടന്‍ ദീലീപാണ് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് കൊട്ടേഷന്‍ കൊടുത്തതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.