തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവന്തപുരം ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യാപേക്ഷ തള്ളിയത്. സിസിടിവി, മൊബൈൽ ഫോൺ എന്നിവയിലെ നിർണായക വിവരങ്ങളും ദൃശ്യങ്ങളും കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. ജിതിന് ജാമ്യം നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.
കഴിഞ്ഞദിവസം ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയിൽ നടന്നത്. ക്രിമിനൽ ഗൂഢാലോചനയിലെ ആളുകളെ കണ്ടെത്തണം, തെളിവ് ശേഖരണം നടപ്പാക്കണം തുടങ്ങിയ വാദങ്ങളാണ് പ്രോസിക്യൂഷൻ മുന്നോട്ടുവച്ചത്. പ്രതിക്ക് ജാമ്യം നൽകിയാൽ സമൂഹത്തിൽ ഇത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ALSO READ: AKG Centre attack: എകെജി സെന്‍റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പോലീസ് കസ്റ്റഡിയില്‍
പ്രധാനമായും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച വാദങ്ങൾ ഇവയാണ്. പൊട്ടാസ്യം ക്ലോറൈഡ് പോലെയുള്ള തീവ്ര സ്ഫോടനമുള്ള വസ്തുവാണ് ആക്രമണം നടത്താനായി ഉപയോഗിച്ചിട്ടുള്ളത്. ഇത് എകെജി ഹാളിന് സമീപത്തെ മതിലിൽ വീണത് അപകടത്തിന്റെ തീവ്രത കുറച്ചു. അകത്ത് വീണിരിന്നുവെങ്കിൽ ഉഗ്ര സ്ഫോടന ശബ്ദത്തിൽ വൻ ദുരന്തമുണ്ടാകുമായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
ഇങ്ങനെയുള്ള സ്ഫോടനത്തിൽ നിന്നാണ് കൊല്ലം പുറ്റിങ്ങലിൽ നൂറുകണക്കിന് പേരുടെ ജീവൻ നഷ്ടമായ ദുരന്തം സംഭവിച്ചത്. അതു കൊണ്ട് തന്നെ അതീവപ്രാധാന്യമുള്ള കേസിൽ പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സബ്സ്റ്റൻഷ്യേറ്റ് എക്സ്പ്ലോസീവ് നിയമം 3എ ചുമത്തിയതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
അതേസമയം, ജിതിന് കേസുമായി ഒരു ബന്ധവുമില്ല എന്ന വാദമാണ് കോടതിയിൽ പ്രതിഭാഗം പ്രധാനമായും ഉയർത്തിയത്. ക്രൈംബ്രാഞ്ച് മനപ്പൂർവ്വം ജിതിൻ്റെ ചുമലിൽ കുറ്റം കെട്ടിവയ്ക്കുകയായിരുന്നുവെന്നും എന്തുകൊണ്ട് ആക്രമണ ദിവസത്തെ ടീഷർട്ട് കണ്ടെത്താൻ കഴിയുന്നില്ലെന്നും പ്രതിഭാഗം ചോദിച്ചു. കേസ് രാഷ്ട്രീയ ആയുധം മാത്രമാണെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ, പ്രോസിക്യൂഷൻ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...