തിരുവനന്തപുരം: സിപിഎം ആസ്ഥാനമായ എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായി നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെ കണ്ടെത്താൻ കഴിയാതെ പോലീസ്. രണ്ട് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പന്ത്രണ്ടംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിന് പുറമെ തലസ്ഥാനത്തെ പോലീസ് സംവിധാനം ഒന്നാകെ ഈ കേസിന് പിന്നിലുണ്ട്. എന്നിട്ടും പ്രതി സഞ്ചരിച്ച വാഹനം പോലും കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വാഹനവും ഉടമയെയും തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പിന്‍റെയും തലസ്ഥാനത്തെ സ്കൂട്ടർ ഡീലർമാരുടെയും സഹായവും പോലീസ് തേടിയിട്ടുണ്ട്. ആക്രമണം ഉണ്ടായ ദിവസം എ.കെ.ജി സെന്‍ററിന് സമീപത്തെ മോബൈൽ ടവർ പരിധിയിൽ ഉണ്ടായിരുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആക്രണത്തിന് ശേഷം പ്രതി കടന്ന് പോകാൻ സാധ്യതയുള്ള എല്ലായിടത്തെയും സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.
എ.കെ.ജി സെന്‍ററിന് മുന്നിലെ സിസിടിവി ക്യാമറകളിൽ വാഹനത്തിന്‍റെ നമ്പർ തെളിഞ്ഞിരുന്നില്ല. ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്ന പ്രധാന പ്രശ്നം. സമീപത്തെ വീടുകളിലെ അടക്കം സിസിടിവി ക്യാമറകൾ പരിശോധിച്ചിട്ടും വാഹനം തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണത്തിന്‍റെ ഭാഗമായി നിരവധി പേരെ അന്വേഷണ സംഘം ഇതിനകം ചോദ്യം ചെയ്തു. എ.കെ.ജി സെന്‍ററിന് നേര കല്ലെറിയുമെന്ന് ഫേസ് ബുക്കിൽ പോസ്റ്റിട്ട തിരുവനനന്തപുരം അന്തിയൂർക്കോണം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
ചുവന്ന സ്കൂട്ടറിൽ സഞ്ചരിച്ച ആളാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. ഇയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തിലും പോലീസ് എത്തിച്ചേർന്നിട്ടുണ്ട്. സ്ഫോടക വസ്തു എറിഞ്ഞ ആൾ രണ്ട് തവണ എ.കെ.ജി സെന്‍ററിന് മുന്നിൽ എത്തിയിരുന്നതായും പോലീസ് സഥിരീകരിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമണം ആസൂത്രിതമാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നുമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. സിപിഎം പാർട്ടി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് എൽ.ഡി.എഫ് കൺനവീനർ ഇ. പി ജയരാജൻ ആരോപിച്ചിരുന്നു.
എന്നാൽ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥയാണെന്നായിരുന്നു കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍റ മറുപടി. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പാടാൻ ഗുണ്ടകളെ വച്ച് ഇ.പി ജയരാജൻ നടത്തിയ ആക്രമണമാണെന്നായിരുന്നു സുധാകരന്‍റെ വാദം. രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസിൽ ഇതുവരെ പ്രതിയെ പിടിക്കാൻ കഴിയാത്തത് പോലീസിനും സർക്കാരിനും ഒരുപോലെ നാണക്കേടായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന പോലീസ് അവലോക യോഗത്തിൽ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്തതിൽ മുതിർന്ന ഉദ്യാഗസ്ഥർ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആക്രമണം ഉണ്ടായ സമയത്ത് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ വീഴ്ചയെ കുറിച്ചും അന്വേഷിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...