ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി വനിത ശിശുവികസന വകുപ്പ് ആശ്വാസനിധിയില്‍ നിന്നും 1 ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളേജില്‍ സൗജന്യ വിദഗ്ധ ചികിത്സ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇതിനോടൊപ്പം ആശുപത്രിയില്‍ 10,000 രൂപ അടിയന്തരമായി നല്‍കിയിട്ടുണ്ട്. കുട്ടി വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂപ്രണ്ട് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ സംരക്ഷണം നല്‍കാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. ജില്ലാ വനിത ശിശുവികസന വകുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, സൂപ്പര്‍വൈസര്‍, സി.ഡി.പി.ഒ. തുടങ്ങിയ ഉദ്യോഗസ്ഥര്‍ സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രതിയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. തൊഴില്‍ വകുപ്പുമായി സഹകരിച്ച് അതിഥി തൊഴിലാളികള്‍ക്ക് അവബോധവും നല്‍കും.
ആലുവ ചാത്തൻ പുറത്ത് ഏട്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടി. തിരുവനന്തപുരം ചെങ്കൽ സ്വദേശി ക്രിസ്റ്റലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതി കേരളത്തിൽ നിന്നുള്ളയാളാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് 14 മണിക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടുന്നത്.
ഇന്ന് സെപ്റ്റംബർ ഏഴിന് പുലർച്ചെയാണ് ബീഹാർ സ്വദേശികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നു കളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യ ഭാഗത്തും പരിക്കുണ്ട്. കുട്ടി അപകടനില തരണം ചെയ്തുയെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...