Amebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി

Amebic Meningoencephalitis Treatment: കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലും വെന്റിലേറ്ററിലുമായി ഇരുപത് ദിവസത്തോളം ചികിത്സയിലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 22, 2024, 09:20 PM IST
  • കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനാണ് രോ​ഗമുക്തി നേടി ആശുപത്രി വിട്ടത്
  • രണ്ട് കുട്ടികള്‍ നേരത്തെ രോഗമുക്തി നേടിയിരുന്നു
Amebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. ജൂലൈ പതിനെട്ടിന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനാണ് രോ​ഗമുക്തി നേടി ആശുപത്രി വിട്ടത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലും വെന്റിലേറ്ററിലുമായി ഇരുപത് ദിവസത്തോളം ചികിത്സയിലായിരുന്നു. മരണനിരക്ക് കൂടുതലുള്ള ​ഗുരുതരമായ രോ​ഗാവസ്ഥയായ അമീബിക് മസ്തിക ജ്വരം ബാധിച്ച രണ്ട് കുട്ടികള്‍ നേരത്തെ രോഗമുക്തി നേടിയിരുന്നു.

എന്താണ് അമീബിക് മസ്തിഷ്ക ജ്വരം

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മസ്തിഷ്ക ജ്വരം. ഇത് പകര്‍ച്ചവ്യാധിയല്ല. മിക്കവാറും ജലാശയങ്ങളിലും അമീബ കാണപ്പെടാം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുന്നത്. ഇതേ തുടർന്നാണ് കൂടുതലായി കാണപ്പെടുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തിലേക്കും പിന്നീട് തലച്ചോറിലേക്കും പ്രവേശിക്കുകയുമാണ് ചെയ്യുന്നത്.

പ്രതിരോധം

പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മലിനമായതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിക്കരുത്. ചെളി കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ അമീബ ഉണ്ടോകാൻ സാധ്യതയുണ്ട്. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധ പുലർത്തണം.

ALSO READ: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന മാർഗങ്ങൾ; അഭിമാന നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും തോട്ടിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വെള്ളം വലിച്ചു കയറ്റുകയോ ചെയ്യരുത്. നീന്തുമ്പോൾ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കണം.

ചികിത്സ

നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പിസിആര്‍ പരിശോധനയിലൂടെയാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുന്നത്. അമീബയ്‌ക്ക് എതിരെ ഫലപ്രദമെന്ന് കരുതുന്ന അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സ നൽകുന്നത്. എത്രയും വേഗം മരുന്നുകള്‍ നല്‍കിത്തുടങ്ങുന്നവരിലാണ് രോഗം പൂർണമായും ഭേദമാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ രോഗലക്ഷണങ്ങള്‍ തുടങ്ങി എത്രയും വേഗം മരുന്നുകള്‍ നല്‍കേണ്ടത് പ്രധാനമാണ്. എത്രയും വേ​ഗം ചികിത്സ ലഭ്യമാക്കുന്നതിലൂടെ മരണനിരക്ക് കുറയ്ക്കാന്‍ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News