തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അനുപമയുടെ (Anupama) അച്ഛനെതിരെ സിപിഎം (CPM) നടപടി. അനുപമയുടെ അച്ഛൻ പിഎസ് ജയചന്ദ്രനെ ലോക്കൽ കമ്മിറ്റിയിൽ നിന്നും നീക്കി. ജയചന്ദ്രനെ ഇനി പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കേണ്ട എന്നും തീരുമാനമായിട്ടുണ്ട്.
സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അനുപമയുടെ അറിവോടെയാണ് കുട്ടിയെ കൈമാറിയതെന്നും സിപിഎം പേരൂർക്കട ലോക്കൽ കമ്മറ്റി യോഗത്തില്‍ ജയചന്ദ്രന്‍ വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങളില്‍ നിന്ന് ജയചന്ദ്രന് എതിരെ വലിയ എതിര്‍പ്പുയര്‍ന്നു. തുടർന്നാണ് നടപടി. ലോക്കല്‍ കമ്മിറ്റി തീരുമാനം ഉച്ചയ്ക്ക് ചേരുന്ന ഏര്യാ കമ്മിറ്റി യോഗത്തില്‍ അംഗീകരിക്കും.
അതേസമയം ഇന്ന് അനുപമയുടെയും (Anupama), അജിത്തിന്റെയും (Ajith) മൊഴി രേഖപ്പെടുത്തും. അനുപമയോട് കേസിന്റെ അന്വേഷണ ചുമതല നിലവിൽ വഹിക്കുന്ന വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറുടെ (Women and Child Developement Commission) മുമ്പിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് വൈകിട്ടോട് കൂടി തന്നെ അനുപമ മൊഴി നൽകും.
ഇതുവരെ കുട്ടിയെ കിട്ടാനായി നടത്തിയ ശ്രമങ്ങളുടെ തെളിവുകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഇതുവരെ സംഭവത്തിലുള്ള രസീതുകളും മറ്റ് രേഖകളും ഇന്ന് അനുപമ ഹാജരാക്കും . സംഭവം വിവാദമായതോടെ കേരളം സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി ആണ് ശിശുവികസന വകുപ്പ് ഇന്ന് അനുപമയുടെ മൊഴി രേഖപ്പെടുത്തുന്നത്.
അനുപമയുടെ കുഞ്ഞിൻറെ ദത്തെടുപ്പ് തുടർ നടപടികൾ കോടതി സ്റ്റേ (Stay Order) ചെയ്തിരുന്നു. തിരുവനന്തപുരം കുടുംബ കോടതിയുടേതാണ് സ്റ്റേ ഉത്തരവ്. കേസിൽ നവംബർ ഒന്നിന് കോടതി വിശദമായ വാദം കേൾക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...