കൊച്ചി: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് നിയമനം റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. ചാൻസലറായ ഗവർണർ അറിയാതെ നടത്തിയ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് ഡിവിഷൻ ബെഞ്ച് നിയമനം റദ്ദാക്കിയത്. നിയമനം ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവും ഡിവിഷൻ ബെഞ്ച് അസാധുവാക്കി.
സർവ്വകലാശാലയിലെ 71 പഠന വിഷയങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസ് ഗവർണർ അറിയാതെ പുനഃസംഘടിപ്പിച്ചത് വിവാദം ആയിരുന്നു. ഇത് ചൂണ്ടികാണിച്ചു സെനറ്റ് അംഗം വി.വിജയകുമാറാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. നിയമന ഉത്തരവ് സിംഗിൾബെഞ്ച് ശരിവെച്ചതിനെ തുടർന്നാണ് ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. സർവ്വകലാശാല ചട്ടമനുസരിച്ച് ബോർഡ് അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടത് ഗവർണർ ആണെന്നും ആദ്യമായാണ് ഗവർണറെ ഒഴിവാക്കി സിൻഡിക്കേറ്റ് നേരിട്ട് നാമനിർദേശം ചെയ്തതെന്നുമാണ് ഹർജിയിൽ ആരോപിച്ചത്.
തുടർന്ന് ഹർജിയിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടത് പ്രകാരം രാജ്ഭവന്റെ അഭിഭാഷകൻ സർവകലാശാലയെ തള്ളി എതിർ സത്യവാങ്മൂലം നൽകി. നിലവിലുള്ള വൈസ്ചാൻസലർ തന്നെ കഴിഞ്ഞ പുനഃസംഘടന ഗവർണർ നാമനിർദ്ദേശം ചെയ്തതനുസരിച്ചാണ് നടത്തിയതെന്നും സർവകലാശാല ചട്ടമനുസരിച്ച് ബോർഡ് അംഗങ്ങളെ നാമ നിർദ്ദേശം ചെയ്യേണ്ടത് ചാൻസിലറാണെന്നും രാജ്ഭവൻ ഓഫീസിന്റെ അഭിഭാഷകൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഇത് കൂടി പരിഗണിച്ചാണ് ഗവർണർ അറിയാതെ നടത്തിയ നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് ഡിവിഷൻ ബെഞ്ച് നിയമനം റദ്ദാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...