Alappey Benny Passed Away: പ്രശസ്ത നാടക കലാകാരൻ ആലപ്പി ബെന്നി അന്തരിച്ചു

Artist Allappey Benny Death: വി. സാംബശിവന്റെ സംഘത്തില്‍ ഹാര്‍മ്മോണിസ്റ്റായി കഥാപ്രസംഗ വേദികളിലെത്തിയ ബെന്നി എം.എസ്.  ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തും പ്രവര്‍ത്തിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 06:52 AM IST
  • പ്രശസ്ത നാടക കലാകാരൻ ആലപ്പി ബെന്നി അന്തരിച്ചു
  • ര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം
  • പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു
Alappey Benny Passed Away: പ്രശസ്ത നാടക കലാകാരൻ ആലപ്പി ബെന്നി അന്തരിച്ചു
പത്തനാപുരം: മലയാള പ്രൊഫഷണല്‍ നാടകരംഗത്ത് ഗായകന്‍, നടന്‍, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായിരുന്ന ആലപ്പി ബെന്നി അന്തരിച്ചു. 72 വയസ്സായിരുന്നു. പത്തനാപുരം ഗാന്ധിഭവനിലെ പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു. 
 
 
പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. വിവിധ രോഗങ്ങള്‍ ബാധിച്ച് അവശനിലയിലായ ബെന്നിയെ രണ്ടാഴ്ച മുമ്പാണ് പരിചയക്കാര്‍ പത്തനാപുരത്തെ ഗാന്ധിഭവനിലെത്തിച്ചത്.  ആലപ്പുഴയിൽ റോബര്‍ട്ട് ഫെര്‍ണാണ്ടസ്-ജയിന്‍ ദമ്പതികളുടെ മകനായി ജനിച്ച ബെന്നി പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാര്‍മ്മോണിയ വായനയും പരിശീലിച്ചത്.  തുടര്‍ന്ന് നിരവധി ഗുരുക്കന്മാരുടെ കീഴില്‍ സംഗീതമഭ്യസിച്ചു. വി. സാംബശിവന്റെ സംഘത്തില്‍ ഹാര്‍മ്മോണിസ്റ്റായി കഥാപ്രസംഗ വേദികളിലെത്തിയ ബെന്നി എം.എസ്.  ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തും പ്രവര്‍ത്തിച്ചിരുന്നു. എംജി സോമന്‍, ബ്രഹ്‌മാനന്ദന്‍ തുടങ്ങിയവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന്‍പിള്ളയുടെ കായംകുളം കേരള തീയേറ്റേഴ്‌സിലൂടെയാണ് നാടകരംഗത്തെത്തിയത്. പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്‌സ്,  കായംകുളം പീപ്പിള്‍ തിയേറ്റേഴ്‌സ്, കൊല്ലം യൂണിവേഴ്‌സല്‍ തുടങ്ങിയ സമിതികളിലൂടെ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു.  നാടകഗാനരംഗത്തേക്ക് ബെന്നിയെ കൈപിടിച്ചുകയറ്റിയത് സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞ് ഭാഗവതരാണ്. 
 
 
വേദികളില്‍ നിന്ന് വേദികളിലേക്ക് പറന്നുനടക്കവേ 1996 മാര്‍ച്ച് 10 നുണ്ടായ ഒരപകടത്തില്‍ ബെന്നിയുടെ ഇടതുകാല്‍ മുട്ടിനോട് ചേര്‍ത്തു മുറിച്ചുമാറ്റേണ്ടിവന്നു. തിരുവനന്തപുരം നെടുമങ്ങാട്ടു നിന്നും നാടകം കഴിഞ്ഞ് കൊല്ലത്തേക്ക് വരുംവഴി കൊട്ടിയം മേവറത്തുവച്ച് നാടകവണ്ടി ബസ്സുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ശരീരത്തെയും മനസ്സിനെയും ഒരുപോലെ തകര്‍ത്ത ആ ദുരന്തത്തിനുശേഷം നാടകവേദിയോട് എന്നെന്നേക്കുമായി വിടപറയേണ്ട സാഹചര്യമുണ്ടാക്കി. തുടര്‍ന്ന് ഭക്തിസംഗീത മേഖലയിലേക്ക് തിരിഞ്ഞു. 
 
അഞ്ഞൂറോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിട്ടുണ്ട്. നൂറിലധികം നാടകഗാനങ്ങള്‍ക്കും ക്രിസ്തീയ ഭക്തിഗാനങ്ങളുമുള്‍പ്പെടെ നിരവധി ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. നടന്‍ മോഹന്‍ലാല്‍ ആദ്യമായി പാടിയ ക്രിസ്തീയ ഭക്തിഗാനം ബെന്നിയുടേതാണ്.  സംഗീതസംവിധായകനായ ശരത്ത് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ബെന്നിയുടെ ശിഷ്യന്മാരായിരുന്നു.  15 കൊല്ലം മുൻപ് രോഗബാധിതനായി ഗാന്ധിഭവനിലെത്തിയ ബെന്നി ഒന്നരവര്‍ഷത്തോളം അവിടെ അന്തേവാസിയായി കഴിഞ്ഞിരുന്നു. ഈ മാസം 14 ന് ആലപ്പുഴ എം.പി. അഡ്വ. എ.എം.  ആരിഫിന്റെ ശുപാര്‍ശകത്തുമായാണ് അവശനിലയില്‍ ആലപ്പി ബെന്നിയെ ഗാന്ധിഭവനി ലെത്തിക്കുന്നത്. വലതുകാലിന്റെ സ്വാധീനവും നഷ്ടപ്പെട്ടിരുന്നു. മൃതദേഹം പുനലൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News