കുഞ്ഞാലി വധം: ഒന്നാം പ്രതിയായ ആര്യാടൻ മുഹമ്മദും ഒടുവിൽ തെളിഞ്ഞ നിരപരാധിത്വവും

1967 മെയ് 26 പുലർച്ചെ മുതൽ നിലമ്പൂർ സംഘർഷഭരിതമായിരുന്നു

Written by - Priyan RS | Edited by - M.Arun | Last Updated : Sep 25, 2022, 09:52 AM IST
  • കുഞ്ഞാലി എന്ന ജനകീയ നേതാവിനെ ഇല്ലാതാക്കാൻ മനപ്പൂർവം നടത്തിയ ആസൂത്രിത കൊലപാകമാണെന്ന് ആരോപണമുണ്ടായി
  • പിന്നീട് ആര്യാടൻ മുഹമ്മദ് ഇകെ നായനാർ മന്ത്രി സഭയിലെ മന്ത്രിയായി
  • കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും സംഘർഷ ഭരിതമായ രാഷ്ട്രീയ കൊലപാതകം
കുഞ്ഞാലി വധം: ഒന്നാം പ്രതിയായ ആര്യാടൻ മുഹമ്മദും ഒടുവിൽ തെളിഞ്ഞ നിരപരാധിത്വവും

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒന്നായിരുന്നു കുഞ്ഞാലി വധക്കേസ്. ആര്യാടൻ മുഹമ്മദ് എന്ന ശക്തനായ കോൺഗ്രസ് നേതാവിന്‍റെ മേൽ പതിഞ്ഞ  രക്തക്കറയായി കുഞ്ഞാലി വധക്കേസ് മാറി. കുഞ്ഞാലി എന്ന കമ്യൂണിസ്റ്റ് നേതാവിനെ വെടിവച്ച് കൊന്ന കേസിൽ ആര്യാടൻ മുഹമ്മദ് ഒന്നാം പ്രതിയായി. കോടതി ആര്യാടൻ മുഹമ്മദിനെ കുറ്റവിമുക്തനാക്കി, വെറുതെ വിടുംവരെ ആ രാഷ്ട്രീയ കൊലപാതകത്തിന്‍റെ കറ ആര്യാടനിൽ നിന്നു. രണ്ട് വർഷം മുമ്പാണ് ആ കൊലപാതകം താനല്ല ഗോപാലനാണ് നടത്തിയതെന്ന് ആര്യാടൻ മുഹമ്മദ് വെളിപ്പെടുത്തിയത്. 

1967 മെയ് 26 പുലർച്ചെ മുതൽ നിലമ്പൂർ സംഘർഷഭരിതമായിരുന്നു. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള പ്രശ്നം ഏത് നിമിഷവും ചോര ചിന്തിയേക്കാവുന്ന തലത്തിൽ അന്തരീക്ഷത്തില്‍ കനപ്പെട്ട് നിന്നു. പകൽ മുഴുവൻ ജാഗ്രതയോടെയാണ് ആ ദിനത്തെ നിലമ്പൂർ നോക്കിക്കണ്ടത്. വൈകുന്നേരത്തോടെ കോൺഗ്രസ് ഓഫീസിലേക്ക് എത്തിയ ആര്യാടൻ മുഹമ്മദ് പ്രവര്‍ത്തകരുമായി പ്രശ്നങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. ഓഫീസിന് പുറത്തും പരിസരത്തുമായി നൂറുകണക്കിന് പ്രവർത്തകർ സംഘടിച്ച് തുടങ്ങി.

ഇവിടേക്കാണ് സിപിഎം നേതാവും എംഎൽഎയുമായിരുന്ന കുഞ്ഞാലിയുടെ നേതൃത്വത്തിൽ ഒരു സംഘം എത്തിയത്. ഇതോടെ സ്ഥലത്ത് സംഘർഷം തുടങ്ങി. ഓഫീസിലേക്ക് കയറാന്‍ എത്തിയ കുഞ്ഞാലിയെ കോൺഗ്രസി പ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന ഒരാൾ വെടിവച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് ആര്യാടൻ മുഹമ്മദ് പറഞ്ഞിരുന്നത്. സംഭവങ്ങൾക്കെല്ലാം തുടക്കം നിലമ്പൂരിലെ എസ്റ്റേറ്റിലുണ്ടായ തൊഴിൽ തർക്കമാണ്. ജോലി വർദ്ധിപ്പിക്കുകയും കൂലി ആനുപാതികമായി കൂട്ടാതിരിക്കുകയും ചെയ്തതോടെ എസ്റ്റേറ്റിലെ തൊഴിലാളികൾ സമരം തുടങ്ങി. 

സമരം ചെയ്ത ഐഎൻടിയുസി തൊഴിലാളികളെ എസ്റ്റേറ്റ് ഉടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇവർക്ക് പകരക്കാരായി സിപിഎം നേതാവായ കുഞ്ഞാലി നിർദ്ദേശിച്ച സിഐടിയു പ്രവർത്തകരെ ജോലിക്കെടുക്കുകയും ചെയ്തു. എന്നാൽ വൈകാതെ പുതുതായി ജോലിക്ക് കയറിയ തൊഴിലാളികൾ ഐഎൻടിയുസി യൂണിയനിൽ ചേർന്നതാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. 

കേരളത്തിൽ ആദ്യമായി ഒരു എംഎൽഎ രാഷ്ട്രീയ കൊലയ്ക്ക് ഇരയായതും കുഞ്ഞാലി വധത്തിലായിരുന്നു. കുഞ്ഞാലിയെ കൊലപ്പെടുത്തിയത് ചുള്ളിയോട്ടെ ഗോപാലന്‍ എന്ന കോൺഗ്രസ് അനുഭാവി ആയിരുന്നു എന്നാണ് ആര്യാടൻ മുഹമ്മദ് പറ‍ഞ്ഞത്. ഗോപാലനും കുഞ്ഞാലിയും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നുമാണ് ആര്യാടന്‍റെ പ്രധാന വാദം. ഗോപാലന്‍റെ ട്രാക്ടറിൽ കുഞ്ഞാലിയുടെ ജീപ്പ് തട്ടിയതുമായി ബന്ധപ്പെട്ട് ഒരു അടിപിടിയുണ്ടായിരുന്നു. അന്ന് കുഞ്ഞാലി ഗോപാലനെ അടിച്ചുവീഴ്ത്തിയെന്നും ഇതിന്‍റെ പ്രതികാരമായാണ് കുഞ്ഞാലി തക്കം നോക്കി ഗോപാലൻ കൊലപ്പെടുത്തിയതെന്നും ആര്യാടൻ പറഞ്ഞു. 

വെടിയേറ്റ് വീണ കുഞ്ഞാലി ഹെഡ്കോൺസ്റ്റഹബിൾ കുഞ്ഞമ്പുനായര്‍ക്കും പിന്നീട് എത്തിച്ച ആശുപത്രിയിലെ ഡോക്ടർമാർക്കും നൽകിയ മൊഴിയിൽ ആര്യാടൻ മുഹമ്മദ് തന്നെ വെടിവച്ചു എന്നാണ് പറഞ്ഞത്. എന്നാൽ മജിസ്ട്രേറ്റ് കുഞ്ഞാലിയുടെ മൊഴി എടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ അതിന് കഴിഞ്ഞില്ല. കുഞ്ഞാലിയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. പിന്നീട് കുഞ്ഞാലി മരണത്തിന് കീഴടങ്ങി. ഇതോടെ കുഞ്ഞാലിയുടെ മരണമൊഴിയുടെ അഭാവവും വെടിവച്ച ആയുധം ആര്യാടന്‍റെ പക്കൽ നിന്നോ കോണ്‍ഗ്രസ് ഓഫീസിൽ നിന്നോ കണ്ടെടുക്കാനാകാതെ പോയതും കേസിൽ ആര്യാടനെ വെറുതെ വിടാൻ കാരണമായി. 

ആര്യാടൻ മുഹമ്മദിനെ രണ്ട് വട്ടം പരാജയപ്പെടുത്തിയ കുഞ്ഞാലി എന്ന ജനകീയ നേതാവിനെ ഇല്ലാതാക്കാൻ മനപ്പൂർവം നടത്തിയ ആസൂത്രിത കൊലപാകമാണെന്ന് സിപിഎമ്മും, അതല്ല വ്യക്തി വൈരാഗ്യം മൂലം ഗോപാലൻ കുഞ്ഞാലിയെ വധിച്ചതാണെന്ന് കോൺഗ്രസും വാദിച്ചു. നിലമ്പൂരിൽ കുഞ്ഞാലി അനുസ്മരണത്തിൽ കോടതി പ്രതികളെ വെറുതെ വിട്ടാലും പാർട്ടി അവരെ ശിക്ഷിക്കുമെന്ന് ഇഎംഎസ് പ്രസംഗിച്ച് അധിക കാലം വൈകാതെ കോൺഗ്രസ് ഓഫീസിൽ കിടന്നുറങ്ങിയ ചുള്ളിയോട്ടെ ഗോപാലനെ അജ്ഞാതർ കുത്തി കൊലപ്പെടുത്തി. ഇത് സിപിഎമ്മുകാരണാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു.

പിന്നീട് ആര്യാടൻ മുഹമ്മദ് ഇകെ നായനാർ മന്ത്രി സഭയിലെ മന്ത്രിയായിരുന്നുവെന്നുള്ളത് രാഷ്ട്രീയ വൈരുദ്ധ്യം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കേരള രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും സംഘർഷ ഭരിതമായ രാഷ്ട്രീയ കൊലപാതകമായിരുന്നു കുഞ്ഞാലി വധക്കേസ്. ഗോപാലനാണ് കൊല നടത്തിയതെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും അടുത്ത കാലത്ത് ആര്യാടൻ മുഹമ്മദ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. തന്നെ കേസിൽ നിന്ന് കുറ്റ വിമുക്തനാക്കാൻ കുത്തേറ്റ് മരിച്ച ഗോപാലന്‍റെ മരണ മൊഴിയും തെളിവായെന്നും ആര്യാൻ മുഹമ്മദ് അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News