എന്തിനും ഏതിനും ഒരു പ്രത്യേക ദിനം ഉള്ള ഈ കാലത്തും ഞങ്ങള്‍ക്കും ഒരു ദിനം വേണമെന്ന ആവശ്യവുമായി കഷണ്ടിക്കാര്‍ രംഗത്ത്.
ചില്‍ഡ്രന്‍സ് ഡേ, വയോജന ദിനം, വാലന്റെന്‍സ് ദിനം, മദേഴ്സ് ഡേ, ഫാദേഴ്സ് ഡേ തുടങ്ങി കുട്ടികള്‍ മുതല്‍ വയസായവര്‍ക്ക് വയോജനങ്ങള്‍വരെയുള്ളവര്‍ക്ക് ഇന്ന് പ്രത്യേക ദിനങ്ങളുണ്ട്. അതുകൊണ്ടുതന്നെ എന്തുകൊണ്ട് നമുക്കും ഒരു ദിനം ആയിക്കൂടാ എന്ന ചിന്തയിലാണ് മലപ്പുറത്തെ കഷണ്ടിക്കാര്‍.
വെറുതെയുള്ള ചിന്ത മാത്രമല്ല കേട്ടോ അവര്‍ അവരുടെ ചിന്തയെ യഥാര്‍ത്ഥ്യമാക്കാന്‍ ഒരുങ്ങുകയാണ്. 'കഷണ്ടിക്കാരുടെ അന്താരാഷ്ട്ര ദിനം' യാഥാര്‍ഥ്യമാക്കാനുള്ള ശ്രമം അവര്‍ തുടങ്ങിക്കഴിഞ്ഞു.
ഇതിനായി മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാള്‍ഡേഴ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍ എന്ന കൂട്ടായ്മയാണ് രംഗത്തിറങ്ങിയിരിക്കുന്നത്. കഷണ്ടിക്കാരുടെ ദിനം എന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.
ഇതിന് പിന്തുണതേടി ലോകത്തെ കഷണ്ടിക്കാരായ ഭരണാധികാരികള്‍ക്ക് കത്തയയ്ക്കും. കൂടാതെ സിനിമാ താരങ്ങളടക്കമുള്ള പ്രമുഖരുടെ പിന്തുണയും ഉറപ്പാക്കും. തുടര്‍ന്ന് കഷണ്ടിക്കാരായ ആയിരം പേരുടെ അപേക്ഷ ഐക്യരാഷ്ട്രസഭയില്‍ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാത്രമല്ല കഷണ്ടിദിനം എന്ന ആവശ്യത്തിന് അന്താരാഷ്ട്ര തലത്തില്‍ പിന്തുണനേടാന്‍ വെബ്‌സൈറ്റ് തുടങ്ങാനും ആലോചനയുണ്ട്. കൂട്ടായ്മയുടെ ഭാരവാഹികളായ മുനീര്‍ ബുഖാരി, സി.എച്ച്. മൊയ്തു, ടി.കെ. രവി, ടി.വി. മുസ്തഫ എന്നിവരാണ് ഐക്യരാഷ്ട സഭയുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ ചെയ്യുന്നത്.
മാര്‍ച്ച് മാസം യുഎന്നില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് മുനീര്‍ ബുഖാരി അറിയിച്ചു. ബാള്‍ഡേഴ്‌സ് ക്ലബ് ഇന്റര്‍നാഷണലിന്‍റെ മലപ്പുറം ജില്ലാ കമ്മിറ്റി ഇതിനകം നിലവില്‍വരികയും അവിടെ കഷണ്ടി സംഗമവും നടത്തി.
ഈ മാസം ക്ലബ് രജിസ്റ്റര്‍ ചെയ്യുമെന്നും തുടര്‍ന്ന് സംസ്ഥാന സമിതിയും ജില്ലാ സമിതികളും രൂപവല്‍ക്കരിക്കും. കൂടാതെ മാര്‍ച്ച് ആദ്യത്തില്‍ കോഴിക്കോട്ടും കഷണ്ടിക്കാരുടെ സംഗമം നടത്തുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.