എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. എലി, കന്നുകാലികള്‍ തുടങ്ങി രോഗാണു വാഹകരായ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ എലിപ്പനിക്ക് കാരണമായ രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നു.
തൊഴിലുറപ്പ്, ശുചീകരണത്തൊഴില്‍ കൃഷി, നിര്‍മാണപ്രവര്‍ത്തനങ്ങള്‍, മത്സ്യബന്ധനം കന്നുകാലി വളര്‍ത്തല്‍ എന്നീ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍, മലിനമായ മണ്ണുമായും , കെട്ടി കിടക്കുന്ന വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ക്ഷീണത്തോടെയുള്ള പനി, തലവേദന, പേശിവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍.
കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ തുടങ്ങിയവയും കണ്ടേക്കാം. പനി, വയറ് വേദന, വയറിളക്കം എന്നിവയും രോഗലക്ഷണങ്ങളാണ്. ചികിത്സ തേടുമ്പോള്‍ ഡോക്ടറോട് തങ്ങളുടെ തൊഴില്‍ പശ്ചാത്തലം പറയണം.
കട്ടി കൂടിയ റബ്ബര്‍ കാലുറകളും, കയ്യുറകളും ധരിച്ച് മാത്രം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.
കൈകാലുകളിലെ മുറിവുകള്‍ ഉണങ്ങുന്നത് വരെ ഇത്തരം ജോലികള്‍ ഒഴിവാക്കുക. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടച്ച് സൂക്ഷിക്കുക ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയരുത്. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രോഗപ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കണം. രോഗ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ ചികിത്സ തേടണം. എലിപ്പനി യഥാസമയം തിരിച്ചറിയുന്നതിനും ചികിത്സ നടത്തുന്നതിനുമായുള്ള പരിശീലനം ജില്ലയിലെ എല്ലാ ഡോക്ടര്‍മാര്‍ക്കും നല്‍കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...