കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യം ഉണ്ടെങ്കിലും ഉപ തിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ട സാഹചര്യമില്ല എന്ന തീരുമാനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ (Election Commission).
ഉപ തിരഞ്ഞെടുപ്പുകള്‍ നവംബറില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാധ്യമങ്ങളെ അറിയിച്ചു. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പമാകും ഉപ തിരഞ്ഞെടുപ്പുകള്‍ നടത്തുക. കേരളത്തിലെ ചവറയും കുട്ടനാടും ഒഴിവ് വന്ന സീറ്റുകളുടെ പട്ടികയിലുണ്ട്. തീയതി പിന്നീട് അറിയിക്കുമെന്നും ഇന്ന് നടന്ന യോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കോവിഡിന്‍റെയും അതിതീവ്ര മഴയുടെയുമൊക്കെ പശ്ചാത്തലത്തില്‍ ഉപ തിരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് ചില സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചേര്‍ന്ന യോഗം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ശേഷമാണ് ഉപതിരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ട എന്ന തീരുമാനം കൈക്കൊണ്ടത്.
ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 65 നിയമസഭ ഉപ തിരഞ്ഞെടുപ്പുകളും നടത്താമെന്നാണ് ധാരണയായിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് എന്തൊക്കെ നടപടിക്രമങ്ങള്‍ പാലിക്കണമെന്നത് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Also read: പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടി, പിടികൊടുക്കാതെ "വിലപേശല്‍" തുടര്‍ന്ന് ജോസ് കെ മാണി..!!
സംസ്ഥാനത്ത് നടക്കാന്‍ പോകുന്ന ഉപ തിരഞ്ഞെടുപ്പുകള്‍ കര്‍ശന നിയന്ത്രണങ്ങളോടെയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണ ര്‍ ടിക്കാറാം മീന അറിയിച്ചു. ഇതിനായി കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുമെന്നും 1000 വോട്ടര്‍മാരെ മാത്രമാകും ഒരു പോളി൦ഗ് ബൂത്തില്‍ അനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പൊതുയോഗങ്ങളില്‍ സാമൂഹിക അകലം പാലിച്ച് കുറച്ച് ആളുകളെ മാത്രമേ അനുവദിക്കുകയുള്ളു.അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഭവന സന്ദര്‍ശനത്തിന് ഇറങ്ങാന്‍ അനുവദിക്കില്ല. കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് സംവിധാനം ഒരുക്കും. വയോധികര്‍ക്കായി പ്രത്യേക ക്യൂ സജ്ജീകരിക്കും. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്നാണ് കുട്ടനാട് സീറ്റില്‍ ഒഴിവ് വന്നത്. വിജയന്‍ പിള്ളയുടെ മരണത്തോടെയാണ് ചവറയില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്.