കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

ഒരു പരിചയമില്ലാത്ത ഒരാള്‍ക്ക് വേണ്ടി രക്തം ദാനം ചെയ്യുന്നത് മഹത്തരമായ കാര്യമാണ്

Written by - Zee Malayalam News Desk | Last Updated : Jun 14, 2022, 05:45 PM IST
  • 42 ബ്ലഡ് ബാങ്കുകളിലും രക്തഘടകങ്ങളുടെ വേര്‍തിരിക്കല്‍ സാധ്യമാക്കും
  • 33 ഇടത്താണ് ഇത് സാധ്യമായത്
  • 2025 ഓടെ എല്ലായിടത്തും ഇത് സജ്ജമാക്കുന്നതാണ്
കൂടുതല്‍ ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന്  മന്ത്രി വീണാ ജോര്‍ജ്

കൂടുതല്‍ ആശുപത്രികളില്‍ ആവശ്യകതയനുസരിച്ച് ബ്ലഡ് ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തെ സംബന്ധിച്ച് പ്രധാന ആശുപത്രികളില്‍ ബ്ലഡ് ബാങ്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, തെരഞ്ഞെടുക്കപ്പെട്ട താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ബ്ലഡ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ 42 ബ്ലഡ് ബാങ്കുകളും സ്വകാര്യ ആശുപത്രികളില്‍ 142 ബ്ലഡ് ബാങ്കുകളും സഹകരണ ആശുപത്രികളില്‍ 6 ബ്ലഡ് ബാങ്കുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ലോക രക്തദാത ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അണുബാധയില്ലാത്ത രക്തത്തിന്റെ ആവശ്യകതയെക്കുറിച്ചും അനേകം പേരുടെ ജീവന്‍ രക്ഷിക്കുന്നതിന് ദാനം ചെയ്യേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും അവബോധം സൃഷ്ടിക്കാനാണ് ലോക രക്തദാത ദിനാചരണം നടത്തുന്നത്. പേരറിയാത്ത നാടറിയാത്ത അനേകം പേരാണ് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനായി സന്നദ്ധ രക്തം ദാനം ചെയ്യാനായി മുന്നോട്ട് വരുന്നത്. അവരോടുള്ള നന്ദി അറിയിക്കുന്നു. ദാനം ചെയ്യപ്പെടുന്ന ഓരോ യൂണിറ്റ് രക്തവും പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്, പി.ആര്‍.ബി.സി., ക്രയോപെസിപ്പിറ്റേറ്റ് എന്നീ ഘടകങ്ങളായി വേര്‍തിരിച്ച് 4 പേരുടെ വരെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നു. 42 ബ്ലഡ് ബാങ്കുകളിലും രക്തഘടകങ്ങളുടെ വേര്‍തിരിക്കല്‍ സാധ്യമാക്കുക എന്നുള്ളതാണ് ലക്ഷ്യം. 33 ഇടത്താണ് ഇത് സാധ്യമായത്. 4 ഇടങ്ങളില്‍ക്കൂടി സജ്ജമാക്കിയിട്ടുണ്ട്. 2025 ഓടെ എല്ലായിടത്തും ഇത് സജ്ജമാക്കുന്നതാണ്.

സംസ്ഥാനത്ത് സന്നദ്ധ രക്തദാന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി 'സഞ്ചരിക്കുന്ന രക്തബാങ്ക്' വഴിയും രക്തശേഖരണം നടത്തുന്നുണ്ട്. കൂടാതെ രക്തദാന ക്യാമ്പുകളില്‍ നിന്നും ശേഖരിക്കുന്ന രക്തം രക്തബാങ്കുകളില്‍ എത്തിക്കുന്നതിന് വേണ്ടി എല്ലാ ജില്ലകളിലും 'ബ്ലഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍' വാഹനങ്ങളുടെ സേവനവും ലഭ്യമാണ്. രക്തബാങ്കുകളുമായി ബന്ധപ്പെട്ട് കാലോചിതമായ ആധുനികമായ മാറ്റങ്ങള്‍ വരുത്താനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ ഒരു വര്‍ഷം 4 ലക്ഷം യൂണിറ്റിന് മുകളില്‍ രക്തം ആവശ്യമായി വരുന്നു. ഇതില്‍ 78 ശതമാനം സന്നദ്ധരക്തദാതാക്കളില്‍ നിന്നും ശേഖരിക്കുന്നതാണ്. 2025 ആകുമ്പോള്‍ ആവശ്യമായി വരുന്ന രക്തത്തിന്റെ 100 ശതമാനവും സന്നദ്ധ രക്തദാതാക്കളില്‍ നിന്നും ശേഖരിക്കുകയെന്നതാണ് നമ്മുടെ ലക്ഷ്യം.

ഒരു പരിചയമില്ലാത്ത ഒരാള്‍ക്ക് വേണ്ടി രക്തം ദാനം ചെയ്യുന്നത് മഹത്തരമായ കാര്യമാണ്. ഡിവൈഎഫ്‌ഐ ഏറ്റവുമധികം രക്തം ദാനം ചെയ്യുന്ന യുവജന പ്രസ്ഥാനമാണ്. ബ്ലഡ് ഡോണേഴ്‌സ് കേരളയാണ് കൂടുതല്‍ രക്തം ദാനം ചെയ്യുന്ന മറ്റൊരു പ്രമുഖ സംഘടന. സംസ്ഥാന പോലീസ് സേനയും രക്തം ദാനത്തിന് വലിയ ശ്രമം നടത്തുന്നു. പ്രതിഫലേച്ഛയില്ലാതെയാണ് രക്തം നല്‍കുന്നത്. ഇവര്‍ ആരോഗ്യ രംഗത്ത് നല്‍കുന്ന സേവനം എടുത്ത് പറയേണ്ടതാണ്. മൂന്ന് മാസത്തിലൊരിക്കല്‍ 18-നും, 65-നും ഇടയില്‍ പ്രായവും ശാരീരികവും, മാനസികവുമായ ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും രക്തം ദാനം ചെയ്യാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

വി.കെ. പ്രശാന്ത് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എ.ഡി.ജി.പി. കെ പദ്മകുമാര്‍ മുഖ്യാതിഥിയായി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, ഡിപിഎം ഡോ. ആശ വിജയന്‍, ഡോ. ഹാഫിസ്, കെ കുഞ്ഞഹമ്മദ്, ഡോ. എസ്. ഹരികുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അഡീ. പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. ശ്രീലത സ്വാഗതവും ജോ. ഡയറക്ടര്‍ രശ്മി മാധവന്‍ നന്ദിയും പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News