കോട്ടയം : ബഫര്‍ സോണ്‍ വിഷയത്തില്‍ വനം വകുപ്പിനെയും വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെയും രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനവാസ കേന്ദ്രങ്ങളെ വനഭൂമിയാക്കികൊണ്ടുള്ള വനം വകുപ്പിന്റെ ഉപഗ്രഹ മാപ്പും സർവെും അബദ്ധ പഞ്ചാംഗങ്ങളാണ് വി.ഡി സതീശൻ കോട്ടയത്തെ എയ്ഞ്ചെൽ വാലി ജനകീയ സദ്ദസ് പങ്കെടുക്കവെ മാധ്യമങ്ങളോടായി പറഞ്ഞു. ബഫർ സോൺ വിഷയത്തിലൂടെ പ്രാപ്തനല്ലെന്ന് സ്വയം തെളിയിച്ച വനം വകുപ്പ് മന്ത്രിയെ തൽസ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പമ്പാവാലിയിലെയും എയ്ഞ്ചല്‍വാലിയിലെയും പ്രദേശങ്ങളെ മുഴുവന്‍ വനഭൂമിയാക്കിയുള്ള ഉപഗ്രഹ മാപ്പ് കേന്ദ്രത്തിന് അയച്ച മന്ത്രിയാണ് ഇവിടെ വന്ന് എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുമെന്ന് പ്രസംഗിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കരം അടയ്ക്കുന്ന പട്ടയ ഭൂമിയെയാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ഭാഗമായുള്ള വനഭൂമിയാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ താമസിക്കുന്ന ആയിരത്തി ഇരുന്നൂറോളും കുടുംബങ്ങള്‍ എവിടെ പോകും? ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.
കേന്ദ്രത്തിൽ നല്‍കിയിരിക്കുന്ന മൂന്ന് ഭൂപടങ്ങളും ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ടും അബദ്ധ പഞ്ചാംഗങ്ങളാണ്. സര്‍ക്കാര്‍ കാട്ടിയ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. കേരളത്തിലെ ലക്ഷക്കണക്കിന് കര്‍ഷകരെ പ്രയാസപ്പെടുത്തിയ തീരുമാനങ്ങളാണ് സുപ്രീം കോടതി വിധി വന്ന അന്ന് മുതല്‍ ഇന്നുവരെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. വിഷയം പഠിക്കാതെ വനം വകുപ്പ് സ്വീകരിച്ച ഓരോ നടപടികളും ജനതാല്‍പര്യത്തിന് വിരുദ്ധമാണ് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഉപഗ്രഹ സര്‍വെ റിപ്പോര്‍ട്ട് ഓഗസ്റ്റ് 29-ന് ലഭിച്ചതാണ്. അപൂര്‍ണ റിപ്പോര്‍ട്ടാണെന്ന് അറിയാമായിരുന്നിട്ടും മൂന്നര മാസത്തോളും അത് ഒളിപ്പിച്ച് വച്ചു. വീടുകളുടെയും സര്‍ക്കാര്‍ ഓഫീസുകളുടെയും ദേവാലയങ്ങളുടെയും വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ശേഖരിച്ച് 15 ദിവസം കൊണ്ട് മാനുവല്‍ സര്‍വെ നടത്താമായിരുന്നു. എന്നിട്ടും ബഫര്‍ സോണില്‍ അപകടകരമായ സ്ഥിതിയാണെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ പറ്റാത്ത വനം മന്ത്രി എന്തിനാണ് സ്ഥാനത്ത് തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്വന്തം ഭൂമിയില്‍ വനംവകുപ്പ് അവകാശവാദം ഉന്നയിച്ചാല്‍ അത് അംഗീകരിക്കുമോ? രക്തഹാരം അണിയിച്ച് ഭൂമി ഏറ്റെടുക്കാന്‍ വരുന്നവരെ സല്യൂട്ട് ചെയ്യുമോ? 74 വര്‍ഷമായി സാധാരണക്കാര്‍ ജീവിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ വനഭൂമിയാണെന്ന് പറയുന്നത്. ആ ഭൂമിയില്‍ വനഭൂമിയെന്ന ബോര്‍ഡ് വച്ചാല്‍ അത് കാട്ടില്‍ വലിച്ചെറിയാതെ മറ്റെന്ത് ചെയ്യും? ആ പാവങ്ങള്‍ക്കൊപ്പം പ്രതിപക്ഷവും യു.ഡി.എഫും ഉണ്ടാകും. അവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് വി ഡി സതീശൻ അറിയിച്ചു. ജനകീയ സദ്ദസിൽ പങ്കെടുത്തതിന് പുറമെ എയ്ഞ്ചൽ വാലിയിലും ചിറ്റാറിലും പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി. ആശങ്കാകുലരായിരിക്കുന്ന പ്രദേശവാസികളുമായി പ്രതിപക്ഷ നേതാവ് സംവദിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...